വൃഷ്ണം തകർത്തു, വായിൽ മണ്ണ് നിറച്ച് മർദിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം
Tuesday, March 28, 2023 9:45 AM IST
ചെന്നൈ: തമിഴ്നാട്ടില്‍ യുവ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണവുമായി ഒരുസംഘമാളുകള്‍ രംഗത്ത്. വൃഷ്ണം തകര്‍ത്തുവെന്നും വായില്‍ ചരല് മണ്ണ് നിറച്ചതിന് ശേഷം മുഖത്ത് മര്‍ദിച്ചുവെന്നും ആരോപിച്ച് ആറ് യുവാക്കളാണ് രംഗത്തെത്തിയത്.
തിരുനെല്‍വേലി ജില്ലയിലെ അംബാസമുദ്രം പോലീസ് സ്റ്റേഷനില്‍ നടന്ന സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എഎസ്പി ബല്‍വീര്‍ സിംഗിനെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നത്.
അടുത്തിടെ വിവാഹിതനായ ഒരു യുവാവിന്റെ വൃഷ്ണമാണ് ബല്‍വീര്‍ സിംഗ് തകര്‍ത്തത്. അഞ്ച് പേര് തങ്ങളുടെ പല്ല് തകര്‍ന്നുവെന്ന് ആരോപിക്കുന്നു. വായില്‍ ചരല് മണ്ണ് നിറച്ചതിന് ശേഷം കവിളില്‍ ശക്തിയായി ഇടിച്ചതാണ് പല്ലിന് കേടുപാട് വരാന്‍ കാരണമായത്.
ബല്‍വീര്‍ സിംഗിന്റെ മര്‍ദനമേറ്റ മാരിയപ്പന് എന്നയാള്‍ കിടപ്പിലാണ്. മറ്റൊരാളുടെ ശരീരത്തില്‍ നിറയെ മുറിവുകളുമുണ്ട്.
തനിക്ക് ആദ്യം പരാതി ലഭിച്ചത് ജില്ലാ പോലീസ് സൂപ്രണ്ടിൽ നിന്നാണെന്നും മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും തിരുനെൽവേലി കളക്ടർ കെ.പി. കാർത്തികേയൻ പറഞ്ഞു.
പീഡനത്തെക്കുറിച്ച് പുറത്ത് പറയരുതെന്ന് പോലീസ് തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിക്കാർ പറയുന്നു. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞാണ് ഇവർ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, ആരോപണവിധേയനായ ഉദ്യോഗസ്ഥനും ഭരണകക്ഷിയായ ഡിഎംകെയും സംഭവത്തിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല.