മുഖ്യമന്ത്രിയുമായി വിദേശത്ത് നടത്തിയ ചർച്ചയ്ക്കുശേഷമാണ് സോൺടയ്ക്ക് കരാർ കൊടുത്തത്: കെ.സുരേന്ദ്രൻ
Thursday, March 23, 2023 5:33 PM IST
തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ നിർമാർജന പ്ലാന്റുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി വിദേശത്ത് നടത്തിയ ചർച്ചയ്ക്കുശേഷമാണ് സോൺട കന്പനിക്ക് കരാർ കൊടുത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
കോൺഗ്രസ് നേതാക്കൾക്കും ഈ ഇടപാടിൽ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ബ്രഹ്മപുരത്ത് ബയോ മൈനിംഗിനു വേണ്ടി കരാർ നൽകിയ സോൺട ഇൻഫ്രടെക് കമ്പനിക്ക് വേസ്റ്റ് എനർജി പ്രോജക്ട് കൈമാറിയതെന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണം. ഒൻപതു മാസം കൊണ്ട് പൂർത്തിയാക്കണമെന്നായിരുന്നു കരാർ. അതിൽ വീഴ്ച വരുത്തിയ കമ്പനിക്ക് എതിരെ നടപടിയെടുത്തില്ല.
54 കോടി രൂപയ്ക്ക് കരാർ ലഭിച്ച സോൺട, ഉപകരാർ നൽകിയത് 22 കോടി രൂപയ്ക്കായിട്ടും സർക്കാർ മിണ്ടിയില്ല. 32 കോടി രൂപയുടെ പ്രത്യക്ഷ അഴിമതി കണ്ടിട്ടും കോർപറേഷനോ സർക്കാരോ നടപടിയെടുക്കാത്തത് അഴിമതിയിൽ പങ്കുപറ്റിയതു കൊണ്ടാണ്. ഈ കമ്പനിയുമായി വിദേശത്ത് മുഖ്യമന്ത്രി ചർച്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തു വന്നതോടെ കാര്യങ്ങൾ എല്ലാം വ്യക്തമായെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.