കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള പോലീസിനെ വന്ധ്യംകരിച്ച് റെഡ് വോളണ്ടിയര്‍ സേനയാക്കി തരംതാഴ്ത്തിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തി ഭരിക്കുമ്പോള്‍ തെളിവുകളുണ്ടായാലും പ്രതിയെ പിടിക്കാന്‍ പോലീസിനാകില്ല. സജി ചെറിയാന്‍റെ ഭരണഘടനാവിരുദ്ധ പ്രസ്താവനയ്ക്കെതിരേയുള്ള കേസ് തീര്‍പ്പാക്കാനുള്ള ആഭ്യന്തര വകുപ്പിന്‍റെ ശ്രമം ഇതിനു തെളിവാണ്.

സജി ചെറിയാന്‍റെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും ലഭ്യമാണ്. ധാര്‍മിക മൂല്യങ്ങള്‍ക്കു നേരെ സിപിഎമ്മും സര്‍ക്കാരും കൊഞ്ഞണം കുത്തുന്നു. മത്സ്യത്തൊഴിലാളികളെ തല്ലിയൊതുക്കാന്‍ കേന്ദ്രസേനയെ വിളിച്ചവർ രാഷ്ട്രീയ കൊലയാളികള്‍ക്ക് ശിക്ഷായിളവ് പ്രഖ്യാപിച്ചത് സിപിഎമ്മിന്‍റെ ഭരണം ക്രിമിനലുകള്‍ക്കുവേണ്ടിയാണെന്ന് തെളിയിക്കുകയാണ്. കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകികളെ മോചിപ്പിക്കാനുള്ള ഗൂഢനീക്കമാണിത്.

പിന്‍വാതില്‍ നിയമനത്തിന് മുന്‍ഗണനാ പട്ടിക ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപറേഷൻ മേയറുടെ ലെറ്റർപാഡിൽ എഴുതിയ കത്തിന്‍റെ ഉറവിടം കണ്ടെത്താനും അന്വേഷണസംഘത്തിന് ശുഷ്കാന്തിയില്ല. ഭരണഘടനയെ അവഹേളിച്ച സജി ചെറിയാനെ കേസില്‍നിന്ന് ഒഴിവാക്കി മന്ത്രിപദത്തിലേക്ക് തിരിച്ചെത്തിക്കുന്നതും മേയർ അധികാരത്തില്‍ തുടരുന്നതും കേരളീയ സമൂഹം എതിര്‍ക്കുമെന്നും കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം നടത്തുമെന്നും സുധാകരന്‍ പറഞ്ഞു.