ട്രെയിൻ ദുരന്തം: മരിച്ചത് 238 പേരെന്ന് റെയിൽവെ മന്ത്രി, 500 ന് മുകളിലെന്ന് മമത
Saturday, June 3, 2023 11:24 PM IST
ഭുവനേശ്വർ: ഒഡീഷ ട്രെയിൻ ദുരന്തത്തിലെ മരണസംഖ്യ സംബന്ധിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവും തമ്മിൽ തർക്കം. ഒഡീഷയിലെ ബാലസോറിൽ ദുരന്തഭൂമിയിലായിരുന്നു ഇരുവരുടേയും തർക്കം.
അപകടസ്ഥലം സന്ദർശിക്കാനെത്തിയതായിരുന്നു ബംഗാൾ മുഖ്യമന്ത്രിയും റെയിൽവെ മന്ത്രിയും. ദുരന്തത്തിൽ 238 പേരാണ് മരിച്ചതെന്ന് റെയിൽവെ മന്ത്രി പറഞ്ഞപ്പോൾ മമത ഉടൻ തിരുത്തുകയായിരുന്നു. താൻ കേട്ടത് മരണ സംഖ്യ 500 ന് മുകളിലാകുമെന്നാണ്-മമത പറഞ്ഞു. എന്നാൽ സംസ്ഥാന സർക്കാരിന്റെ കണക്കനുസരിച്ച് 238 പേരാണ് മരിച്ചതെന്ന് റെയിൽവെ മന്ത്രി തർക്കിച്ചു.
വൈകുന്നേരം റെയിൽവെ ഔദ്യോഗികമായി മരിച്ചവരുടെ എണ്ണം പുറത്തുവിട്ടു. 288 പേർ മരിച്ചതായാണ് അറിയിച്ചത്. 747 പേർക്ക് പരിക്കേറ്റു. ഇതിൽ 56 പേരുടെ നിലഗുരുതരമാണെന്നും റെയിൽവെ പ്രസ്താവനയിൽ പറഞ്ഞു.