നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസ്; സീനിയര്‍ ഗവ. പ്ലീഡറെ പുറത്താക്കി
Thursday, November 30, 2023 9:22 AM IST
തിരുവനന്തപുരം: നിയമസഹായം തേടിയെത്തിയ അതിജീവിതയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഹൈക്കോടതിയിലെ സീനിയര്‍ ഗവ. പ്ലീഡര്‍ പി.ജി.മനുവിനെ പുറത്താക്കി. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് അഡ്വക്കേറ്റ് ജനറല്‍ ഇയാളില്‍നിന്ന് രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന് കണ്ടെത്തിയതോടെയാണ് നടപടി.
മറ്റൊരു പീഡനക്കേസിലെ അതിജീവിതയായ യുവതി നല്കിയ പരാതിയില്‍ ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ചോറ്റാനിക്കര പോലീസ് കേസെടുത്തിരുന്നു. യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ ചിത്രീകരിച്ചതിന് ഐടി ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ ഒക്ടബോര്‍ 11ന് ഔദ്യോഗിക വാഹനത്തില്‍ യുവതിയുടെ വീട്ടിലെത്തി പീഡിപ്പിച്ചെന്നും യുവതി പരാതിയില്‍ ഉന്നയിച്ചിരുന്നു. ഇയാള്‍ക്ക് ഇന്ന് തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നല്‍കിയേക്കുമെന്നാണ് വിവരം.