പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; മകള്‍ ഭര്‍തൃവീട്ടുകാരുടെ കസ്റ്റഡിയിലെന്ന് യുവതിയുടെ അച്ഛൻ
Tuesday, June 11, 2024 1:13 PM IST
കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഭർത്താവിനെതിരായ ആരോപണം തെറ്റാണെന്ന പരാതിക്കാരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി യുവതിയുടെ അച്ഛൻ.
മകള്‍ ഭര്‍തൃവീട്ടുകാരുടെ കസ്റ്റഡിയിലാണ്. അവര്‍ സമ്മര്‍ദം ചെലുത്തി പറയിപ്പിച്ചുവെന്നാണ് മനസിലാകുന്നതെന്നും അച്ഛൻ പറഞ്ഞു.
മകള്‍ മിസിംഗ് ആണെന്ന് അറിഞ്ഞത് തിങ്കളാഴ്ചയാണ്. മകളുമായി ശനിയാഴ്ച വരെ സംസാരിച്ചിരുന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. അപ്പോള്‍ ഓഫീസിലേക്ക് വിളിച്ചു. അവിടെ ചെന്നിട്ടില്ല എന്നാണ് അറിഞ്ഞതെന്നും യുവതിയുടെ അച്ഛൻ പറഞ്ഞു.
മകള്‍ക്ക് മാനസികമായി ബുദ്ധിമുട്ടുണ്ട്. ഇനി ഒരു കല്യാണം ഉണ്ടാകുമോ എന്നൊക്കെ പേടിയുണ്ടായിരുന്നു. ഒരു സമ്മര്‍ദവും കുടുംബത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
വീട് കാണലിന് പോയപ്പോള്‍ കണ്ട മുറിപ്പാടുകളൊക്കെ കണ്ടിട്ടാണ് പരാതി കൊടുത്തത്. അത് മകള്‍ തിരുത്തിപറഞ്ഞത് സമ്മര്‍ദം കാരണമല്ലാതെ പിന്നെ എന്താണ്?.
പോലീസ് അന്വേഷിക്കുന്നുണ്ട്. മകള്‍ നഷ്ടപ്പെടാന്‍ പാടില്ല. മകളുടെ വീഡിയോ കണ്ടപ്പോള്‍ മനസ് പിടഞ്ഞുവെന്നും അച്ഛൻ പ്രതികരിച്ചു.