പിന്നോട്ടില്ല; ഇന്ധന സെസിനെതിരായ സമരം ജനകീയമല്ലെന്ന് മുഖ്യമന്ത്രി
Tuesday, February 7, 2023 7:12 PM IST
തിരുവനന്തപുരം: ഇന്ധന സെസ് വർധിപ്പിച്ച നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
ഇപ്പോഴത്തെ സമരം ജനകീയ പ്രതിഷേധമല്ലെന്നും യുഡിഎഫിന്റെ രാഷ്ട്രീയ സമരം മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു.
പിണറായിയുടെ അഭിപ്രായത്തെ മുതിർന്ന എല്‍ഡിഎഫ് നേതാക്കളും പിന്താങ്ങി. നിലവിലെ സാഹചര്യത്തില്‍ ഇന്ധന സെസ് കുറച്ചാല്‍ അത് യുഡിഎഫിന് നേട്ടമാകുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.
നാമമാത്രമായ വര്‍ധനവാണ് ഉണ്ടായതെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന് അനുസരിച്ച് സെസിൽ കുറവ് വരുത്താമെന്നും യോഗത്തിൽ തീരുമാനമുണ്ടായി.