വാണി ജയറാമിന്റെ മരണം: മരണകാരണം വീഴ്ചയിലുണ്ടായ മുറിവ്
Sunday, February 5, 2023 11:36 AM IST
ചെന്നൈ: പ്രശസ്ത പിന്നണിഗായിക വാണി ജയറാമിന്റെ (78) മരണത്തിലേക്ക് നയിച്ചത് തലയിലേറ്റ മുറിവെന്ന് പോലീസ്. കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ വീണ് മേശയിൽ തലയിടിക്കുകയായിരുന്നു. ഈ മുറിവാണ് മരണത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു. മരണത്തിൽ മറ്റ് സംശയങ്ങൾ ഒന്നുമില്ലെന്നും പോലീസ് വ്യക്തമാക്കി.
ചെന്നൈയിലെ നുങ്കംപാക്കത്ത് ഹാഡോസ് റോഡിലെ അപ്പാർട്ട്മെന്റിൽ ഇന്നലെ രാവിലെ പതിനൊന്നുമണിയോടെ വാണിയെ മരിച്ച നിലയിൽ കണ്ടെത്തുകയാ യിരുന്നു. നെറ്റിയിലും ഇടത്തെ തോളിലും പരിക്കുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തിരുന്നു.
ഭർത്താവിന്റെ മരണശേഷം ഏതാനും വർഷങ്ങളായി ചെന്നൈയിലെ അപ്പാർട്ട്മെന്റിൽ തനിച്ചായിരുന്നു താമസം. ഇന്നലെ രാവിലെ 11 ഓടെ സഹായിയായ സ്ത്രീ വീട്ടിലെത്തിയതോടെയാണു മരണം പുറംലോകമറിയുന്നത്. കോളിംഗ് ബെല്ലിലും ഫോണിലും പ്രതികരിക്കാത്തതിനെത്തുടർന്ന് സഹായി ആൽവാർപേട്ടിൽ താമസിക്കുന്ന ബന്ധുക്കളെയും പോലീസിനെയും വിവരമറിയിച്ചു. തുടർന്ന് വീടുതുറന്ന് പരിശോധിച്ചപ്പോഴാണ് നിലത്ത് മൃതദേഹം കണ്ടെത്തിയത്.
തമിഴ്നാട്ടിലെ വെല്ലൂരിൽ 1945ലാണ് ജനനം. കലൈവാണി എന്നാണ് യഥാർഥ പേര്. അച്ഛൻ ദൊരൈസ്വാമി കോൽക്കത്തയിലെ ഇൻഡോ-ജപ്പാൻ സ്റ്റീൽ കമ്പനി ഉദ്യോഗസ്ഥനായിരുന്നു. സംഗീതജ്ഞയായിരുന്ന അമ്മ പദ്മാവതിയാണ് വാണിയുടെ ആദ്യഗുരു. ബിരുദപഠനത്തിനുശേഷം എസ്ബിഐയിൽ ചേർന്നു.
മുംബൈ സ്വദേശിയായ ജയറാമുമായുള്ള വിവാഹത്തോടെയാണ് വാണി ജയറാമാകുന്നത്. സിത്താർ വിദഗ്ധൻകൂടിയായ അദ്ദേഹത്തിന്റെ പിന്തുണയാണ് ലോക മറിയുന്ന പിന്നണിഗായികയിലേക്കുള്ള വളർച്ചയ്ക്കു പിന്നിൽ. വാണി-ജയറാം ദമ്പതികൾക്കു മക്കളില്ല.
അഞ്ചു ദശകം നീണ്ട പിന്നണിഗാനാലാപന സപര്യയിൽ ആയിരത്തിലേറെ ചിത്രങ്ങളിലായി പതിനായിരത്തിലേറെ ഗാനങ്ങൾക്കു ശബ്ദമായിട്ടുണ്ടീ വിശ്രുത ഗായി ക. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, ആസാമീസ്, ഗുജറാത്തി, ഒഡിയ തുടങ്ങി പത്തൊൻപത് ഭാഷകളിലായി പ്രവഹിച്ച സ്വര മാധുരിയെ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു.
സംസ്കാരം ഇന്നുച്ചയ്ക്കു ചെന്നൈയിൽ നടക്കും.