സതീശന്റേത് മികച്ച പ്രകടനം, ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയിലെ വെളിപ്പെടുത്തലിനെക്കുറിച്ച് അറിയില്ല: തിരുവഞ്ചൂര്‍
Saturday, September 23, 2023 1:28 PM IST
കോട്ടയം: പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി.ഡി.സതീശന്റേത് മികച്ച പ്രകടനമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. പ്രതിപക്ഷ നേതാവാകാന്‍ കൂടുതല്‍ എംഎല്‍മാരുടെ പിന്തുണ ലഭിച്ചത് രമേശ് ചെന്നിത്തലയ്ക്കാണന്ന ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയിലെ വെളിപ്പെടുത്തലിനെക്കുറിച്ച് തനിക്കറിയില്ലെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു.
ഉമ്മന്‍ ചാണ്ടിക്കാണ് ഇതേക്കുറിച്ച് അറിയാന്‍ സാധ്യതയുള്ളത്. അദ്ദേഹത്തിന് അതേക്കുറിച്ച് വിശദീകരിക്കാൻ ഇനി കഴിയില്ല. ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ആക്ഷേപമുണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസിന്റെ ശക്തിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണ് പുതുപ്പള്ളിയിലെ വിജയം. അതിനെ ദുര്‍ബലപ്പെടുത്തുന്ന നടപടിയിലേക്ക് പോകരുതെന്നാണ് തന്റെ നിലപാട്.
ഉപതെരഞ്ഞടുപ്പ് ദിവസം പുതുപ്പള്ളിയിലെ വാര്‍ത്താസമ്മേളനത്തില്‍ നടന്ന തര്‍ക്കം പറഞ്ഞ് തീര്‍ത്ത കാര്യമാണ്. വിഷയത്തില്‍ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും പ്രതികരിച്ചതാണ്. അതേക്കുറിച്ച് കൂടുതല്‍ അഭിപ്രായം പറയാനില്ലെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.