ലാസ് വേഗാസില്‍ വെടിവയ്പ്പ്; അക്രമി മരിച്ചനിലയില്‍
Thursday, December 7, 2023 4:00 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ലാസ് വേഗാസിലെ നെവാദ സർവകലാശാല കാമ്പസില്‍ ബുധനാഴ്ച തോക്കുധാരി നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് വെടിയേറ്റതായി വിവരം.
അക്രമിയെ പിന്നീട് മരിച്ചനിലയില്‍ കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ലാസ് വേഗാസ് മെട്രോപോളിറ്റന്‍ പോലീസ് അവരുടെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചു.
സര്‍വകലാശാലയ്ക്കകത്തെ കെട്ടിടങ്ങള്‍ ഓരോന്നായി പോലീസ് ഒഴിപ്പിച്ചതിനെത്തുടര്‍ന്ന് ആളുകളോട് സുരക്ഷിത സ്ഥാനങ്ങളില്‍ തുടരാന്‍ സര്‍വകലാശാല അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു. വളരെ വ്യവസ്ഥാപിതമായാണ് പോലീസ് കെട്ടിടങ്ങള്‍ ഒഴിപ്പിച്ചതെന്ന് സര്‍വകലാശാല സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
എഫ്ബിഐ, ബ്യൂറോ ഓഫ് ആല്‍ക്കഹോള്‍, ടുബാക്കോ, ഫയര്‍ ആംസ് ആന്‍ഡ് എക്സ്പ്ലോസീവ് വിഭാഗങ്ങള്‍ പെട്ടെന്നു തന്നെ സംഭവ സ്ഥലത്തെത്തുകയും മെട്രോപോളിറ്റന്‍ പോലീസിന്റെ അന്വേഷണത്തിനുവേണ്ട സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തതായി ഒരു ഫെഡറല്‍ ലോ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥന് വെളിപ്പെടുത്തി.
തോക്കുധാരി കാമ്പസില്‍ കടന്നതായുള്ള ഒരു ട്വീറ്റ് ബുധനാഴ്ച ഉച്ച കഴിഞ്ഞ് പോലീസിന്റെ എക്സ് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.
നെവാദ സര്‍വകലാശാലയുടെ ബീം ഹാളിനു സമീപം എത്തിയ അക്രമി അവിടെ നിരവധി പേരെ വെടിവച്ചുവെന്നും എത്രയും പെട്ടെന്ന് അവിടെ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്നുമായിരുന്നു പോലീസിന്റെ ട്വീറ്റ്.
ഇക്കാര്യം ഉടന്‍ തന്നെ സ്ഥിരീകരിച്ച സര്‍വകലാശാല മീഡിയ റിലേഷന്‍ വിഭാഗം കാമ്പസില്‍ ഇതു സംബന്ധിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തു.
സർവകലാശാല പോലീസ് സംഭവത്തോട് കൃത്യമായി പ്രതികരിച്ചെന്ന് സര്‍വകലാശാല വ്യക്തമാക്കി. സംഭവത്തെത്തുടര്‍ന്ന് നെവാദ സര്‍വകലാശാലയും സംസ്ഥാനത്തെ മറ്റെല്ലാ പബ്ലിക് കോളജുകളും സര്‍വകലാശാലകളുമെല്ലാം ബുധനാഴ്ച ശേഷിക്കുന്ന സമയത്തെ ക്ലാസ് ഒഴിവാക്കി. വെടിയേറ്റവരുടെ വിശദാംശങ്ങള്‍ ഇതുവരെ വെളിവായിട്ടില്ലെങ്കിലും കുറഞ്ഞത് മൂന്ന് പേർക്കെങ്കിലും പരിക്കേറ്റതായാണ് വിവരം.