വിജയത്തിന്റെ ഫുള്‍ക്രെഡിറ്റ് തനിക്ക് നല്‍കുമെന്ന് സുധാകരന് പറഞ്ഞു,താന്‍ തടയാൻ ശ്രമിച്ചു: സതീശന്
Wednesday, September 20, 2023 1:05 PM IST
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം പുതുപ്പള്ളിയിലെ വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടായ തര്‍ക്കത്തില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും താനും തമ്മില്‍ തര്‍ക്കമുണ്ടായെന്നത് സത്യമാണെന്ന് സതീശന് പ്രതികരിച്ചു.
പുതുപ്പള്ളിയിലെ യുഡിഎഫിന്റെ വിജയത്തിന്റെ ഫുള്‍ക്രെഡിറ്റ് പ്രതിപക്ഷനേതാവിനാണെന്ന് താന്‍ വാര്‍ത്താസമ്മേളനത്തില്‍ പറയുമെന്ന് സുധാകരന് ഡിസിസി ഓഫീസില്‍വച്ച് പറഞ്ഞു. എന്നാല്‍ അങ്ങനെ പറയരുതെന്നും വിജയത്തിന് പിന്നില്‍ ടീം യുഡിഎഫാണെന്ന് പറയണമെന്നും താന്‍ നിര്‍ദേശിച്ചു.
എന്നാല്‍ ക്രെഡിറ്റ് തനിക്ക് നല്‍കുമെന്ന നിലപാടില്‍ സുധാകരന് ഉറച്ചുനില്‍ക്കുകയായിരുന്നു. സുധാകരന് ഇത് വാര്‍ത്താ സമ്മേളനത്തില്‍ പറയാതിരിക്കാനാണ് താന്‍ ആദ്യം സംസാരിക്കാന്‍ ശ്രമിച്ചത്. ഇതായിരുന്നു തങ്ങള്‍ക്കിടയിലുണ്ടായ തര്‍ക്കമെന്നും സതീശന് വിശദീകരിച്ചു.
ഏറ്റവും ഒടുവില്‍, വാശിപിടിച്ചതുപോലെതന്നെ എല്ലാ ക്രെഡിറ്റും പ്രതിപക്ഷ നേതാവിനാണെന്ന് അദ്ദേഹം പറഞ്ഞെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരാദ്യം സംസാരിക്കണം എന്നതിനേചൊല്ലിയുള്ള സതീശന്റെയും സുധാകരന്റെയും തര്‍ക്ക വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവത്തില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.