അവയവ കച്ചവടം: രണ്ടു പേർ അറസ്റ്റിൽ
Thursday, August 8, 2024 11:10 PM IST
കേളകം: ആദിവാസി യുവതിയെ പ്രലോഭിപ്പിച്ച് അവയവ കച്ചവടത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിൽ ഭർത്താവുൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. ഭർത്താവ് അനിൽകുമാർ, ഇടനിലക്കാരനായി പ്രവർത്തിച്ചെന്നു പറയുന്ന പെരുന്തോടി സ്വദേശി ബെന്നി എന്നിവരാണ് അറസ്റ്റിലായത്.
നെടുംപൊയിൽ 24-ാം മൈൽ സ്വദേശിനിയായ യുവതി, ഭർത്താവും ഇടനിലക്കാരനും ചേർന്ന് അവയവ കച്ചവടത്തിന് പ്രേരിപ്പിക്കുന്നതായി കാണിച്ച് കണ്ണൂർ ഡിഐജി ഉൾപ്പെടെയുള്ളവർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അവയവ കച്ചവടത്തിന് ഭർത്താവ് ഒന്നരവർഷമായി നിരന്തരം പ്രേരിപ്പിക്കുകയും മർദിക്കുകയുമാണെന്നും വൃക്കദാനം ചെയ്താൽ ഒൻപതുലക്ഷം രൂപ നൽകാമെന്ന് ബെന്നി വാഗ്ദാനം ചെയ്തതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഭർത്താവ് നേരത്തെ വൃക്ക നൽകിയതായും പറഞ്ഞിരുന്നു. കേളകം പോലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചു.