ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യ മോഷണം; പ്രതി ഇടത് യൂണിയൻ തൊഴിലാളിയെന്ന് സംശയം
Saturday, December 3, 2022 12:25 PM IST
പാലക്കാട്: നഗരത്തിലെ ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് ഉയർന്ന വിലയുള്ള വിദേശമദ്യം മോഷണം പോയതായി പരാതി. പ്രീമിയം റീറ്റെയ്ൽ കടയിൽ നിന്ന് പണം നൽകാതെ മദ്യം എടുത്ത് കൊണ്ട് പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
നവംബർ 20-ന് തിരക്കുള്ള സമയത്ത് കടയിൽ എത്തിയ ഒരാൾ, അധികൃതരുടെ കണ്ണ് വെട്ടിച്ച് വിലയേറിയ മദ്യക്കുപ്പികൾ മുൻവശത്തുള്ള വാതിൽ വഴി കൊണ്ടുപോകുകയായിരുന്നു. ഒരു സമയം ഒരു കുപ്പി മാത്രം എടുത്ത് കൊണ്ട് പോകുന്ന പ്രതി അതേ ദിവസം തന്നെ പല തവണ മദ്യം കടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നു.
അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് സൗത്ത് പോലീസ് അന്വേഷണം അരംഭിച്ചു. എന്നാൽ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും നടപടി എടുക്കാത്തത്, ഇയാൾ ഇടത് അനുകൂല യൂണിയനിലെ തൊഴിലാളി ആയതിനാലാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.