അരിക്കൊമ്പന്: കോടതി ഇടപെടല്‍ വിഷയം സങ്കീര്‍ണമാക്കിയെന്ന് വനംമന്ത്രി
Thursday, March 30, 2023 12:21 PM IST
തിരുവനന്തപുരം: അരിക്കൊമ്പനെ പിടിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ ജനകീയ സമിതി നടത്തുന്ന ഹര്‍ത്താലിനെ തള്ളാതെ വനംമന്ത്രി എ.കെ.ശശീന്ദന്. ജനങ്ങള്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ട്. എന്നാല്‍ സമരം സര്‍ക്കാരിനെതിരെ തിരിക്കരുതെന്നും മന്ത്രി പറഞ്ഞു.
പ്രദേശത്തെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യും. ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. സമിതിയോട് പ്രദേശം സന്ദര്‍ശിച്ച് ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കണമെന്ന് അഭ്യര്‍ഥിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
കോടതി ഇടപെടല്‍ വിഷയം സങ്കീര്‍ണമാക്കി. ഹൈക്കോടതിയില്‍നിന്ന് അന്തിമവിധി വരാതെ മേല്‍ക്കോടതിയെ സമീപിക്കാന്‍ കഴിയില്ലെന്നും മന്ത്രി പ്രതികരിച്ചു.
അതേസമയം അരിക്കൊമ്പനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കിയിലെ പത്ത് പഞ്ചായത്തുകളില്‍ ജനകീയസമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. ചിന്നക്കലാല്‍, പെരിയകനാല്‍ അടക്കമുള്ള സ്ഥലങ്ങളില്‍ സമരക്കാര്‍ റോഡ് ഉപരോധിക്കുകയാണ്.
ദേശീയപാതയിലടക്കം പലയിടത്തും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.