സാഹചര്യങ്ങൾ വിവരിച്ചു; നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച് മോദി
Saturday, June 14, 2025 3:30 AM IST
ന്യൂഡൽഹി: ഇസ്രയേൽ - ഇറാൻ സംഘർഷത്തിനു പിന്നാലെ ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ആശങ്കകളും മേഖലയിൽ സമാധാനവും സ്ഥിരതയും വേഗത്തിൽ പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ഇരു വരും ചർച്ച ചെയ്തു.
ഇറാനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ഇറാൻ റവല്യൂഷനറി ഗാർഡ് തലവൻ ജനറൽ ഹൊസൈൻ സലാമിയും കൊല്ലപ്പെട്ടിരുന്നു. ഇറാന്റെ ആണവ പ്ലാന്റുകൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ എന്നിവരുമായും സംസാരിക്കുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി. നെതന്യാഹു തന്നെ വിളിച്ചതായും നിലവിലെ സാഹചര്യങ്ങൾ വിവരിച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമത്തിലെ പോസ്റ്റില്‍ വ്യക്തമാക്കി.