ന്യൂനമർദവും ന്യൂനമർദപാത്തിയും; സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
Monday, July 7, 2025 8:58 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. ഇന്നും ചൊവ്വാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അതേസമയം, ബുധൻ, വ്യാഴം ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു ദിവസങ്ങളിലും കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അടുത്ത മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി രൂപപ്പെട്ട ന്യൂനമർദം അടുത്ത ദിവസം ജാർഖണ്ഡ്, ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. തെക്കൻ ഗുജറാത്ത് തീരം മുതൽ തെക്കൻ കർണാടക തീരം വരെ ന്യൂനമർദപാത്തിയും സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.