പ്രണയ-ലഹരി കെണികളിൽപെടുന്നവർക്ക് പുനരധിവാസ പദ്ധതിയുമായി കെസിബിസി
Wednesday, October 26, 2022 11:41 AM IST
കൊച്ചി: പ്രണയം നടിച്ചുള്ള ചതികളിലും മയക്കുമരുന്നിന്‍റെ കെണികളിലും അകപ്പെട്ടുപോകുന്നവർക്ക് "കരുതലു'മായി കേരള കത്തോലിക്കാ
മെത്രാൻ സമിതി.
കെസിബിസി ജാഗ്രതാ കമ്മീഷന്‍റെ മേൽനോട്ടത്തിൽ, കേരളത്തിലെ മുപ്പത്തിരണ്ട് രൂപതകളിലെയും ജാഗ്രതാ സമിതികളുടെ നേതൃത്വത്തിൽ, വിവിധ കെസിബിസി കമ്മീഷനുകളുടെയും സഭാ സംവിധാനങ്ങളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന, കേരളമൊട്ടാകെ വ്യാപ്തിയുള്ള പുനരധിവാസ പദ്ധതിയാണ് "കരുതൽ".
നിയമസഹായം, കൗൺസിലിംഗ്, പുനരധിവാസം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത തലങ്ങളിലാണ് കരുതൽ സംബന്ധമായ പ്രവർത്തനങ്ങൾ നടക്കുക. പരിചയസമ്പന്നരും പ്രഗത്ഭരുമായ കൗൺസിലർമാർ, നിയമവിദഗ്ധർ, സുരക്ഷിതമായ പുനരധിവാസ- കൗൺസിലിംഗ് കേന്ദ്രങ്ങൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായുണ്ടാകും.
കേരളത്തിൽ ഉടനീളം നടത്തപ്പെടുന്ന ബോധവത്കരണ പ്രവർത്തനങ്ങളും ഈ പദ്ധതിയുടെ ഭാഗമാണ്. നവംബർ മുതൽ ഈ പദ്ധതി പ്രാബല്യത്തിൽ വരും.
സഹായാഭ്യർത്ഥനകൾ, നിയമസഹായം തുടങ്ങിയവയ്ക്കും വിവരങ്ങൾ കൈമാറാനും കരുതലിന്‍റെ കേന്ദ്രീകൃത ഹെൽപ്‌ലൈൻ നമ്പരായ: +91 7561005550 ലേക്ക് വിളിക്കുകയോ, വാട്സ്ആപ്പ് മെസേജ് അയയ്ക്കുകയോ ചെയ്യാവുന്നതാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ സിഎംഐ അറിയിച്ചു.