800 കോവിഡ് രോഗികളുമായി ആഡംബര കപ്പൽ സിഡ്നി തീരത്ത്
Saturday, November 12, 2022 1:12 PM IST
സിഡ്നി: കോവിഡ് രോഗികളായ 800 യാത്രികരെയും വഹിച്ചുള്ള ആഡംബര കപ്പൽ സിഡ്നി തീരത്ത് നങ്കൂരമിട്ടു. കാർണിവൽ ഓസ്ട്രേലിയ കന്പനിയുടെ മജസ്റ്റിക് പ്രിൻസസ് എന്ന ആഡംബര നൗകയാണ് രോഗം വഹിക്കുന്ന യാനമായി പരിണമിച്ചത്.
കപ്പലിൽ തുടരാൻ ആഗ്രഹിക്കുന്ന കോവിഡ് ബാധിതരെ ക്വാറന്റീൻ ചെയ്തിരിക്കുകയാണെന്നും "ടയർ - 3' അപകടസാഹചര്യത്തിൽ പാലിക്കേണ്ട പ്രോട്ടോക്കോൾ പ്രകാരം ആരോഗ്യപ്രവർത്തകർ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
കപ്പലിൽ നിന്ന് പുറത്തിറങ്ങിയ രോഗബാധിതർ പൊതുഗതാഗത സൗകര്യം ഉപയോഗിക്കരുതെന്നടക്കമുള്ള നിർദേശങ്ങൾ നൽകിയിരുന്നു. കോവിഡ് ബാധിതർക്ക് രാജ്യത്ത് നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും ഇവരോട് വീടുകളിൽ തന്നെ കഴിയാനാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്.
2020 മാർച്ചിൽ സിഡ്നി തീരത്ത് നങ്കൂരമിട്ട റൂബി പ്രിൻസസ് എന്ന കപ്പലിൽ നിന്ന് 600 പേർക്ക് കോവിഡ് ബാധയേൽക്കുകയും 28 പേർ മരിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷം സമാന സാഹചര്യങ്ങളിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ കർശനമാക്കിയിരുന്നു.
ന്യൂസിലൻഡിൽ നിന്ന് 4,600 യാത്രക്കാരുമായി സഞ്ചാരം തുടങ്ങിയ കപ്പൽ വൈകിട്ടോടെ മെൽബൺ തീരത്തേക്ക് യാത്ര ചെയ്യും.