മോർബി ദുരന്തം: മുനിസിപ്പാലിറ്റിക്കു കാരണംകാണിക്കൽ നോട്ടീസ്
Saturday, January 21, 2023 4:09 AM IST
അഹമ്മദാബാദ്: മോർബിയിൽ തൂക്കുപാലം തകർന്ന് 135 പേർ മരിച്ച സംഭവത്തിൽ മോർബി മുനിസിപ്പാലിറ്റിക്ക് ഗുജറാത്ത് സർക്കാരിന്റെ കാരണംകാണിക്കൽ നോട്ടീസ്. ദൗത്യനിർവഹണത്തിലെ പരാജയത്തിന്റെ പേരിൽ നഗരസഭ പിരിച്ചുവിടാത്തതിനു കാരണം ബോധിപ്പിക്കാനാണു നിർദേശം. 25 നു ജനറൽബോഡി ചേർന്നു ഇക്കാര്യത്തിൽ തീരുമാനമെടുക്കണം.
മുനിസിപ്പൽ ഭരണകൂടത്തെ പിരിച്ചുവിടുമെന്നു സംസ്ഥാനസർക്കാർ നേരത്തെ ഗുജറാത്ത് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഹൈക്കോടതി സ്വമേധയാ എടുത്ത പൊതുതാത്പര്യഹർജിയുടെ മറുപടിയിലായിരുന്നു വിശദീകരണം.
കഴിഞ്ഞവർഷം ഒക്ടോബർ 30നാണ് മോർബിയിൽ മച്ചുവ നദിക്കുകുറുകെയുള്ള പാലം തകർന്ന് 135 പേർ മരണമടഞ്ഞത്. മോർബി മുനിസിപ്പാലിറ്റിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ഒറേവ ഗ്രൂപ്പ് എന്ന കന്പനിയാണ് പാലത്തിന്റെ അറ്റകുറ്റപ്പണിയും നടത്തിപ്പും നിർവഹിച്ചിരുന്നത്.