ധൻബാദിൽ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം; കുട്ടികൾ ഉൾപ്പെടെ 14 പേർ മരിച്ചു
Tuesday, January 31, 2023 10:58 PM IST
ധൻബാദ്: ജാർഖണ്ഡിലെ ധൻബാദിൽ പാർപ്പിട സമുച്ചയത്തിലുണ്ടായ വൻ അഗ്നിബാധയിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ 14 പേർ മരിച്ചു. ധൻബാദിലെ ആശിർവാദ് ടവറിലാണ് തീപിടിത്തമുണ്ടായത്. വൈകിട്ട് ആറോടെയായിരുന്നു സംഭവം.
കെട്ടിടത്തിൽ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുമ്പോഴും നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്. മരിച്ചവരിൽ 10 പേർ സ്ത്രീകളാണ്.
നഗരത്തിലെ സമ്പന്നർ താമസിക്കുന്ന പ്രദേശത്താണ് സംഭവം. 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ പാടലിപുത്ര നഴ്സിംഗ് ഹോമിൽ പ്രവേശിപ്പിച്ചു. ഫ്ളാറ്റുകളിലൊന്നിന്റെ നാലാമത്തെ നിലയിലാണ് തീ ആദ്യം പടർന്നത്.
ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ നിരവധി പേർ അപ്പാർട്ട്മെന്റിൽ എത്തിയിരുന്നു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.