രാഹുൽഗാന്ധി രാജ്യത്തെ അപമാനിച്ചുവെന്ന് രാജസ്ഥാനിലെ കോൺഗ്രസ് മന്ത്രിയുടെ മകൻ
Thursday, March 9, 2023 10:12 AM IST
ജയ്പുർ: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി വിദേശമണ്ണിൽവച്ച് ഇന്ത്യയെ അപമാനിച്ചുവെന്നു രാജസ്ഥാൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വിശ്വേന്ദ്ര സിംഗിന്റെ മകൻ അനിരുദ്ധ്. രാജസ്ഥാൻ സർക്കാരിനെതിരേയും അനിരുദ്ധ് വിമർശനമുയർത്തി. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് സർക്കാർ ശ്രദ്ധകൊടുക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെ അടുത്ത അനുയായി ആണ് ടൂറിസം മന്ത്രിയായ വിശ്വേന്ദ്ര സിംഗ്. 2020ൽ അശോക് ഗെഹ്ലോട്ട് സർക്കാരിനെതിരേ സച്ചിന്റെ നേതൃത്വത്തിലുണ്ടായ വിമതനീക്കത്തിൽ വിശ്വേന്ദ്ര സിംഗും ഉൾപ്പെട്ടിരുന്നു. തുടർന്ന് സിംഗിനു മന്ത്രിസ്ഥാനം നഷ്ടമായി.
പിന്നീട് കോൺഗ്രസ് ഹൈക്കമാൻഡ് നടത്തിയ സമവായനീക്കത്തെത്തുടർന്ന് വിശ്വേന്ദ്ര സിംഗ് വീണ്ടും മന്ത്രിയായി.