കെടിയു വിസി ഡോ. സിസ തോമസിന് കാരണം കാണിക്കൽ നോട്ടീസ്
Saturday, March 11, 2023 5:55 AM IST
തിരുവനന്തപുരം: ഗവർണർ സാങ്കേതിക സർവകലാശാല വിസിയുടെ ചുമതല നൽകിയ ഡോ. സിസ തോമസിന് സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ സീനിയർ ജോയിന്റ് ഡയറക്ടർ പദവിയിലിരിക്കെ സർക്കാർ അനുമതി വാങ്ങാതെ വിസിയുടെ അധിക ചുമതല ഏറ്റെടുത്തതിനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി നോട്ടീസ് നൽകിയത്.
മാർച്ച് 31ന് സിസ വിരമിക്കാനിരിക്കെയാണ് സർക്കാർ നടപടി. സർക്കാർ അനുമതിയില്ലാതെ വിസിയുടെ ചുമതല ഏറ്റെടുത്തത് കേരള സർവീസ് ചട്ടത്തിന്റെ ലംഘനവും പെരുമാറ്റ ദൂഷ്യവുമാണെന്നും അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാനുണ്ടെങ്കിൽ 15 ദിവസത്തിനകം മറുപടി നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു. രേഖാമൂലം മറുപടി നൽകിയില്ലെങ്കിൽ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കി.
നേരത്തേ ഡോ. സിസയെ സീനിയർ ജോയിന്റ് ഡയറക്ടർ തസ്തികയിൽ നിന്ന് മാറ്റുകയും പിന്നീട് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവ് പ്രകാരം തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പലായി മാറ്റി നിയമനം നൽകുകയും ചെയ്തിരുന്നു.