ക​ണ്ണൂ​ര്‍: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ല്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂ​ന്നു പേ​ര്‍​ക്ക് ത​ട​വു​ശി​ക്ഷ. ക​ണ്ണൂ​ര്‍ സ​ബ്‌​കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

88-ാം പ്ര​തി ദീ​പ​ക്കി​ന് മൂ​ന്നു വ​ര്‍​ഷം തടവും 25000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. 18-ാംപ്ര​തി സി.​ഒ.​ടി.​ന​സീ​ര്‍, 99-ാം പ്ര​തി ബി​ജു പ​റ​മ്പ​ത്ത് എ​ന്നി​വ​ര്‍​ക്ക് ര​ണ്ട് വ​ര്‍​ഷം ത​ട​വും 10000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. ഇ​തി​ല്‍ ബിജു സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ്. ന​സീ​റും ദീ​പ​ക്കും അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ പേ​രി​ല്‍ സി​പി​എം പു​റ​ത്താ​ക്കി​യ​വ​രാ​ണ്.

കേ​സി​ല്‍ ആ​കെ​യു​ള്ള 113 പ്ര​തി​ക​ളി​ല്‍ 110 പേ​രെ കോ​ട​തി വെ​റു​തേ വി​ട്ടു. മു​ന്‍ എം​എ​ല്‍​എ​മാ​രാ​യ സി.​കൃ​ഷ്ണ​ന്‍, കെ.​കെ.​നാ​രാ​യ​ണ​ന്‍ അ​ട​ക്ക​മു​ള്ള​വ​രെ​യാ​ണ് കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​ത്.

2013 ഒ​ക്ടോ​ബ​ര്‍ 27നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ണ്ണൂ​രി​ല്‍ പോ​ലീ​സ് അ​ത്‌​ല​റ്റി​ക് മീ​റ്റി​ന്‍റെ സ​മാ​പ​ന​ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തി​യ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​ക്ക് നേ​രെ ക​ല്ലെ​റി​ഞ്ഞെ​ന്നാ​ണ് കേ​സ്. ക​ല്ലേ​റി​ല്‍ ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ നെ​ഞ്ചി​ലും ത​ല​യ്ക്കും പ​രി​ക്കേ​റ്റി​രു​ന്നു.

ആ​യു​ധം കൊ​ണ്ട് പ​രി​ക്കേ​ല്‍​പ്പി​ക്ക​ല്‍, പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്ക​ല്‍ എ​ന്നീ ര​ണ്ട് വ​കു​പ്പു​ക​ള്‍ മാ​ത്ര​മാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രെ തെ​ളി​യി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. വ​ധ​ശ്ര​മം, ഗൂ​ഢാ​ലോ​ച​ന, പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ക്ക​ല്‍ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ള്‍ തെ​ളി​യി​ക്കാ​നാ​യി​ല്ല.