പീഡനം: റഷ്യന്‍ യുവതിക്കു താത്കാലിക പാസ്പോര്‍ട്ടിനായി നടപടി തുടങ്ങി
Monday, March 27, 2023 4:04 PM IST
കോഴിക്കോട്: റഷ്യക്കാരിയായ യുവതിയെ ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്ത അഖിലിന്റെ മാതാപിതാക്കളിൽനിന്നു പോലീസ് മൊഴിയെടുത്തു. ആശുപത്രിയിൽ തുടരുന്ന യുവതിയെ റഷ്യയിലേക്ക് തിരികെയെത്തിക്കാൻ താത്കാലിക പാസ്പോർട്ടിനായി നടപടി തുടങ്ങി.
റിമാൻഡിലായ അഖിലിനെതിരേ ബലാത്സംഗം ഉൾപെടെ ഗുരുതരമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പലതവണ യുവതിയെ അഖിൽ മർദിച്ചിട്ടുണ്ടെന്ന് മാതാപിതാക്കൾ സമ്മതിച്ചതായി പോലീസ് പറയുന്നു.
യുവതി വീടിന്റെ മുകൾ നിലയിൽനിന്ന് താഴേക്ക് ചാടുന്നതിന് തലേ ദിവസവും ഇവർ തമ്മിൽ തർക്കം ഉണ്ടായിരുന്നു. പരിക്കേറ്റ റഷ്യൻ യുവതി പേരാമ്പ്ര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിന് മുൻപാകെ രഹസ്യ മൊഴി നൽകിയ ശേഷം തിരികെ മെഡിക്കൽ കോളജിൽ എത്തിയിട്ടുണ്ട്.
ഇനി ഇവരെ റഷ്യയിലേക്ക് മടക്കിയെത്തിക്കാനുള്ള നടപടികാളാണ് റഷ്യൻ കോൺസുലേറ്റ് സ്വീകരിക്കുന്നത്. അഖിൽ യുവതിയുടെ രാജ്യാന്തര പാസ്പോർട്ടും നശിപ്പിച്ചിരുന്നു. അതിനാൽ മടക്കയാത്രയ്ക്ക് താത്കാലിക പാസ്പോർട്ട് അനിവാര്യമാണ്.