കെട്ടിട പെർമിറ്റ് ഫീസ് കുത്തനെ കൂട്ടി;10 മുതൽ പ്രാബല്യത്തിൽ
Saturday, April 1, 2023 9:25 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട നിർമാണ അപേക്ഷയ്ക്കും പെർമിറ്റിനും തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന ഫീസ് കുത്തനെ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. ചെറുകിട നിർമാണങ്ങൾ 80 ചതുരശ്ര മീറ്ററാക്കി (860.8 സ്ക്വയർ ഫീറ്റ്) നിജപ്പെടുത്തിയതോടെ സാധാരണക്കാർ നിർമിക്കുന്ന വീടുകൾ ഉൾപ്പെടെ ചെലവേറിയ നിർമാണത്തിന്റെ പരിധിയിലേക്ക് മാറി.
നേരത്തെ 150 ചതുരശ്ര മീറ്റർ (1614.59 സ്ക്വയർ ഫീറ്റ്) വരെയുള്ളവ ചെറുകിട നിർമാണത്തിന്റെ പരിധിയിലായിരുന്നു. ഇതാണ് ഒറ്റയടിക്ക് പകുതിയോളമാക്കി ചുരുക്കിയത്. പുതുക്കിയ നിരക്കുകൾ ഏപ്രിൽ 10 മുതൽ പ്രാബല്യത്തിൽ വരും.
പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ കെട്ടിടങ്ങളുടെ തറ വിസ്തീർണത്തിനനുസരിച്ച് വിവിധ സ്ലാബുകളിലായാണ് വർധന നടപ്പിലാക്കിയത്.
പഞ്ചായത്തുകളിൽ 80 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് ചതുരശ്ര മീറ്ററിന് ഏഴു രൂപ എന്ന നിരക്കിലും മുനിസിപ്പാലിറ്റികളിൽ 10 രൂപ, കോർപറേഷൻ പരിധിയിൽ 15 രൂപ എന്ന നിരക്കിലുമാണ് പെർമിറ്റ് ഫീസ് നൽകേണ്ടത്.
പഞ്ചായത്തുകളിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് ചതുരശ്ര മീറ്ററിന് 50 രൂപയാണ് നിരക്ക്. 151 മുതൽ 300 ചതുരശ്ര മീറ്റർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചതുരശ്ര മീറ്ററിന് 100 രൂപ എന്ന നിരക്കിലും 300 ചതുരശ്ര മീറ്ററിനു മുകളിൽ 150 രൂപ എന്ന നിരക്കിലും പെർമിറ്റ് ഫീസ് ഈടാക്കും.
മുനിസിപ്പാലിറ്റികളിൽ ഇത് യഥാക്രമം 70 രൂപ(81-150 ചതുരശ്ര മീറ്റർ), 120 രൂപ(151-300 ചതുരശ്ര മീറ്റർ), 200 രൂപ(300 ചതുരശ്ര മീറ്ററിനു മുകളിൽ) എന്നിങ്ങനെയും കോർപറേഷൻ പരിധിയിൽ ഇത് യഥാക്രമം 100(81-150 ചതുരശ്ര മീറ്റർ) രൂപ, 150 രൂപ(151-300 ചതുരശ്ര മീറ്റർ), 200 രൂപ(300 ചതുരശ്ര മീറ്ററിനു മുകളിൽ) എന്നിങ്ങനെയുമാണ്.
ഇതോടെ 100 ചതുരശ്ര മീറ്റർ(1076.39 സ്ക്വയർ ഫീറ്റ് വീട് ) നിർമിക്കുന്പോൾ പുതിയ നിരക്ക് പ്രകാരം പഞ്ചായത്ത് പരിധിയിൽ പെർമിറ്റ് ഫീസായി 5000 രൂപ നൽകേണ്ടി വരും. മുനിസിപ്പാലിറ്റികളിൽ ഇത് 7000 രൂപയും കോർപറേഷൻ പരിധിയിൽ 10000 രൂപയുമായി ഉയരും.
കെട്ടിട നിർമാണ പെർമിറ്റിനുള്ള അപേക്ഷാ ഫീസും കുത്തനെ ഉയർത്തി. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ പരിധികളിൽ 100 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്കുള്ള പെർമിറ്റ് അപേക്ഷാ ഫീസ് 30 രൂപയിൽ നിന്ന് 300 രൂപയായി ഉയർത്തി.
101 മുതൽ 300 ചതുരശ്ര മീറ്റർ വരെ 1000 രൂപയാണ് അപേക്ഷ ഫീസ്. 300 ചതുരശ്ര മീറ്ററിനു മുകളിലുള്ള കെട്ടിടങ്ങൾക്ക് പഞ്ചായത്തുകളിൽ 3000 രൂപയും മുനിസിപ്പാലിറ്റികളിൽ 4000 രൂപയും കോർപറേഷനുകളിൽ 5000 രൂപയുമാണ് പെർമിറ്റിനുള്ള അപേക്ഷാ ഫീസ്.
ലേഔട്ടിനുള്ള സ്ക്രൂട്ടണി ഫീസും വർധിപ്പിച്ചു. താമസ ആവശ്യത്തിനുള്ള കെട്ടിടങ്ങൾക്ക് ചതുരശ്ര മീറ്ററിന് മൂന്നു രൂപയും വ്യവസായ, വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിടത്തിന് ചതുരശ്ര മീറ്ററിന് നാല് രൂപയും മറ്റുള്ളവയ്ക്ക് ചതുരശ്ര മീറ്ററിന് മൂന്ന് രൂപയുമായാണ് ഫീസ് പുതുക്കി നിശ്ചയിച്ചത്.