ഇത്തിഹാദിൽ ആഴ്സണലിനെ വീഴ്ത്തി; കിരീട പ്രതീക്ഷയിൽ മാഞ്ചസ്റ്റർ സിറ്റി
Thursday, April 27, 2023 12:10 PM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിന്റെ മോഹങ്ങൾക്ക് മങ്ങലേൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന നിർണായക പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി 4-1ന് ആഴ്സണലിനെ നിലംപരിശാക്കി. ഇനിയുള്ള മത്സരങ്ങൾ ജയിച്ചാൽ സിറ്റിക്ക് കിരീടം ചൂടാം.
രണ്ടു ഗോളും ഒരു അസിസ്റ്റുമായി കെവിൻ ഡി ബ്രൂയിനാണ് സിറ്റിയുടെ താരമായത്. ഏഴ്, 54 മിനിറ്റുകളിലായിരുന്നു ബ്രൂയിന്റെ ഗോളുകൾ. ജോൺ സ്റ്റോൺസ് (45+1'), ഹാളണ്ട് (90+5') എന്നിവരാണ് സിറ്റി മറ്റു ഗോൾ സ്കോറർമാർ. റോബ് ഹോൾഡിംഗ് (86') ആഴ്സണലിന്റെ ആശ്വാസഗോൾ നേടി.
ഈ ജയത്തോടെ സിറ്റിക്ക് 31 മത്സരങ്ങളിൽ നിന്ന് 73 പോയിന്റായി. രണ്ടു മത്സരം കൂടുതൽ കളിച്ച ആഴ്സണൽ 75 പോയിന്റോടെ ഒന്നാമതും. ലീഗില്‍ അഞ്ചു മത്സരങ്ങള്‍ മാത്രം ശേഷിക്കേ ആഴ്സണലിന് ഇനി കിരീടം നേടുകയെന്നത് കടുപ്പമാകും.