സർവീസുകൾ റദ്ദാക്കി; ഗോ ഫസ്റ്റിന് കാരണം കാണിക്കൽ നോട്ടീസ്
Tuesday, May 2, 2023 11:03 PM IST
മുംബൈ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് രണ്ട് ദിവസത്തെ സർവീസുകൾ നിർത്തിവച്ച ഗോ ഫസ്റ്റ് എയർലൈൻസിന് കാരണം കാണിക്കൽ നോട്ടീസ് അയച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ഗോ ഫസ്റ്റ് എയർലൈൻസിന്റെ നടപടി യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും സർവീസ് നിർത്തിവയ്ക്കാനുള്ള കാരണം രേഖാമൂലം റിപ്പോർട്ട് ചെയ്തില്ലെന്നും ഡിജിസിഎ നോട്ടീസിൽ പറയുന്നു.
24 മണിക്കൂറിനുള്ളിൽ ഗോ ഫസ്റ്റ് മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് എയർലൈൻസ് വ്യാഴത്തേയും വെള്ളിയാഴ്ചത്തേയും വിമാന സർവീസാണ് സസ്പെൻഡ് ചെയ്തത്.
വിമാന എൻജിനുകൾ നൽകുന്ന പ്രാറ്റ് ആൻഡ് വിറ്റ്നിയെന്ന (പിആൻഡ്ഡബ്ല്യു) സ്ഥാപനത്തിനു പണം കൊടുക്കാനുള്ളതിനാൽ വിതരണം ചെയ്യുന്നത് അവർ നിർത്തിവച്ചു. ഇതിനെ തുടർന്ന് ഗോ ഫസ്റ്റിന്റെ പകുതിയോളം സർവീസുകൾ നിർത്തിവയ്ക്കേണ്ടി വന്നിരുന്നു.