"ആരോപണങ്ങൾ ഉന്നയിക്കുന്നവർ അപഹാസ്യരാകും'; കാമറ വിവാദത്തിൽ പ്രതികരിച്ച് മുഖ്യൻ
Saturday, May 6, 2023 10:02 PM IST
തിരുവനന്തപുരം: സർക്കാരിനെതിരെ കെട്ടിപ്പൊക്കുന്ന ആരോപണങ്ങൾ ജനങ്ങൾ വിശ്വസിക്കില്ലെന്നും ആരോപണം ഉന്നയിക്കുന്നവർ അപഹാസ്യരാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എഐ കാമറ വിവാദം ഉയർന്നതിന് ശേഷം ആദ്യമായി നടത്തിയ പരസ്യപ്രതികരണത്തിലാണ് മുഖ്യമന്ത്രി ഈ പരോക്ഷ വിമർശനം ഉന്നയിച്ചത്.
കെജിഒഎ സംസ്ഥാന സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
സർക്കാരിന് താൽപര്യം വികസനത്തിലാണെന്നും സർക്കാരിനെതിരെ എന്തൊക്കെ കെട്ടിച്ചമയ്ക്കാനാവുമെന്ന് ചിലർ നോക്കുന്നതായും മുഖ്യമന്ത്രി പ്രസ്താവിച്ചു. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ നിറം കെടുത്താൻ ശ്രമം നടക്കുന്നുണ്ട്; ആ പൂതിയൊന്നും ഏശില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളമാണ് രാജ്യത്ത് അഴിമതി കുറഞ്ഞ സംസ്ഥാനം. നാടിന്റെ പൊതുവായ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്; ജനങ്ങളുടെ ക്ഷേമത്തിനും സർക്കാർ അതിയായ പ്രാധാന്യം നൽകുന്നുണ്ട്.
യുഡിഎഫിന്റെ ദുസ്ഥിതിയിൽ സർക്കാരിന് ഒന്നും ചെയ്യാനില്ല. കൈയ്യിലിരിപ്പാണ് യുഡിഎഫിനെ ഈ സ്ഥിതിയിലെത്തിച്ചത്. 2021-ൽ കോലാഹലങ്ങൾ ഉയർന്നിട്ടും ജനം സർക്കാരിന്റെ കൂടെനിന്നു. എല്ലാ വികസനങ്ങളും തടയുകയെന്നതിൽ ബിജെപിയും യുഡിഎഫും ഒരേ മാനസികാവസ്ഥയിൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.