കേന്ദ്രം കേരളത്തെ സഹായിക്കുന്നില്ല, എങ്ങനെ വിഷമിപ്പിക്കാമെന്ന് നോക്കുന്നുവെന്ന് മുഖ്യമന്ത്രി
Tuesday, May 16, 2023 2:26 AM IST
പാലക്കാട്: കേന്ദ്ര സർക്കാർ ദുരന്തകാലത്ത് കേരളത്തെ സഹായിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തങ്ങൾ വരുമ്പോൾ സംസ്ഥാനത്തെ സഹായിക്കേണ്ടവരാണ് കേന്ദ്ര സർക്കാർ. കേരളത്തെ ഈ ഘട്ടങ്ങളിലൊന്നും സഹായിചില്ലെന്ന് മാത്രമല്ല, സംസ്ഥാനത്തിന് ലഭിച്ച സഹായങ്ങൾ കേന്ദ്രസർക്കാർ തടസപ്പെടുത്തുകയും ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിനായി സഹായം തേടിയുള്ള വിദേശയാത്രകൾക്ക് അനുമതി നിഷേധിക്കുകയും ചെയ്തു. പല കാര്യത്തിലും സംസ്ഥാനത്തോട് അവഗണനയും ഉപദ്രവവുമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. സംസ്ഥാനത്തെ ജനസംഖ്യക്ക് അനുപാതമായി കേന്ദ്രം സഹായം തരുന്നില്ല. എങ്ങനെയൊക്കെ സംസ്ഥാനത്തെ വിഷമിപ്പിക്കാമെന്നാണ് കേന്ദ്രസർക്കാർ നോക്കുന്നത്.
കോച്ച് ഫാക്ടറി പദ്ധതി കേന്ദ്ര സർക്കാർ മുടക്കി. ഒരു എയിംസ് ചോദിച്ചിട്ടും കേന്ദ്രം തന്നില്ല. സംസ്ഥാനങ്ങൾ കടമെടുക്കുന്നതിന് മുകളിൽ കേന്ദ്രം കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇത് സംസ്ഥാന വികസനത്തെ ബാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.