മാഡിസൺ സ്ക്വയറിൽ കൂറ്റൻ റാലി, മോദിക്ക് മുന്നേ രാഹുൽ അമേരിക്കയിൽ പറന്നിറങ്ങും
വെബ് ഡെസ്ക്
Tuesday, May 16, 2023 3:59 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് മുമ്പേ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ന്യൂയോർക്കിലെ മാഡിസൺ സ്ക്വയറിൽ കൂറ്റൻ റാലി നടത്തും.
ഈ മാസം 31ന് ആരംഭിക്കാനിരിക്കുന്ന രാഹുലിന്റെ 10 ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായാണ് റാലിയെന്ന് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.
കര്‍ണാടകയിൽ കോണ്‍ഗ്രസ് വന്‍വിജയം നേടിയ പശ്ചാത്തലത്തിലാണ് രാഹുലിന്റെ അമേരിക്കന്‍ പര്യടനം. ജൂണ്‍ നാലിന് നടക്കുന്ന മാഡിസണ്‍ സ്ക്വയറിലെ റാലിയിൽ രാഹുല്‍ ജനങ്ങളെ അഭിസംബോധന ചെയ്യും.
5,000 വിദേശ ഇന്ത്യക്കാര്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് സൂചന. വാഷിംഗ്ടണിലും കാലിഫോര്‍ണിയയിലും നടക്കുന്ന സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുക്കും.
അതേസമയം, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരമാണ് ജൂൺ അവസാനം ഔദ്യോഗിക സന്ദർശനത്തിനായി മോദി യുഎസിലെത്തുന്നത്. ജൂൺ 22ന് ബൈഡനും പത്നി ജിൽ ബൈഡനും വൈറ്റ് ഹൗസിൽ മോദിക്ക് അത്താഴ വിരുന്നൊരുക്കും.
ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ഇന്ത്യയുടെ പ്രതിരോധ മേഖലയിലടക്കം തുടരുന്ന റഷ്യൻ പങ്കാളിത്തത്തിന് ബദലാകാനുമാണ് യുഎസിന്റെ നീക്കം.
ടെക്നോളജി, വ്യവസായം, വ്യാപാരം തുടങ്ങിയ വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നത് മോദി- ബൈഡൻ കൂടിക്കാഴ്ചയിൽ ചർച്ചയാകും.