ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമം; ശിക്ഷയും പിഴത്തുകയും വര്‍ധിപ്പിച്ചതായി ആരോഗ്യമന്ത്രി
Wednesday, May 17, 2023 4:22 PM IST
തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ ശിക്ഷയും പിഴത്തുകയും വര്‍ധിപ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശുപത്രി സംരക്ഷണ നിയമഭേദഗതി ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
ഐപിസി 320 പ്രകാരമുള്ള കഠിനമായ ദേഹോപദ്രവം ഉണ്ടായാല്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ ലഭിക്കും. പരമാവധി ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇത്തരം കേസുകളില്‍ ഒരു ലക്ഷം രൂപയില്‍ കുറയാത്ത പിഴ ഈടാക്കും. പരമാവധി അഞ്ച് ലക്ഷം രൂപ വരെ പിഴശിക്ഷ ഈടാക്കാമെന്നും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.
അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് 60 ദിവസത്തിനുള്ളില്‍ അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കണം.
ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് അന്വേഷണം നടത്തണം. കേസിന്റെ വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്നും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.
ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ ഓരോ ജില്ലയിലും സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.