ലങ്ക പ്രീമിയർ ലീഗിലെ ഒത്തുകളി; വിൻഡീസ് താരത്തിന് വിലക്ക്
Tuesday, May 23, 2023 11:09 PM IST
ദുബായ്: ലങ്ക പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഒത്തുകളി നടത്തിയ വെസ്റ്റ് ഇൻഡീസ് ബാറ്റർ ഡെവൺ തോമസിനെ ഐസിസി സസ്പെൻഡ് ചെയ്തു.
2021-ലെ എൽപിഎല്ലിൽ തോമസ് ഒത്തുകളി നടത്തിയെന്നും അബുദാബി ടി -10 ലീഗ്, കരിബീയൻ പ്രീമിയർ ലീഗ് എന്നീ ടൂർണമെന്റുകൾക്കിടെ ഒത്തുകളി ഏജന്റുമാർ സമീപിച്ച വിവരം താരം ഐസിസിയെ അറിയിച്ചില്ലെന്നും കണ്ടെത്തിയതിനെത്തുടർന്നാണ് മത്സരവിലക്ക് ഏർപ്പെടുത്തിയത്.
14 ദിവസത്തിനുള്ളിൽ ആരോപണങ്ങൾക്ക് മറുപടി നൽകണമെന്ന് തോമസിന് ഐസിസി നിർദേശം നൽകിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിനിടെ താരം അധികൃതരുമായി സഹകരിച്ചില്ലെന്നാണ് വിവരം.
ഒരു ടെസ്റ്റിലും 21 ഏകദിനത്തിലും 12 ട്വന്റി -20 മത്സരങ്ങളിലും തോമസ് വിൻഡീസ് കുപ്പായം അണിഞ്ഞിട്ടുണ്ട്. യുഎഇയ്ക്കെതിരെ ഉടൻ ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ തോമസ് ഉൾപ്പെട്ടിരുന്നു.