കേരളത്തിൽ നിന്ന് വിയറ്റ്നാമിലേക്ക് ഇനി നേരിട്ട് പറക്കാം
Friday, May 26, 2023 7:46 PM IST
കൊച്ചി: കേരളത്തിൽ നിന്ന് വിയറ്റ്നാമിലേക്ക് ആദ്യമായി ഡയറക്ട് ഫ്ലൈറ്റ് സർവീസ് ആരംഭിക്കുന്നു. ഓഗസ്റ്റ് 12 മുതൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിലേക്ക് നേരിട്ടുള്ള സർവീസുകൾ നടത്തുമെന്ന് വിയറ്റ്ജെറ്റ് വിമാനക്കമ്പനി അറിയിച്ചു.
രാത്രി 7:20 -ന് ഹോ ചി മിൻ സിറ്റിയിൽ നിന്ന് പുറപ്പെടുന്ന വിജെ 1811 വിമാനം 10:50-ന് കൊച്ചിയിൽ എത്തിച്ചേരും. കൊച്ചിയിൽ നിന്ന് വിയറ്റ്നാമിലേക്കുള്ള രാത്രി 11:50-ന് പുറപ്പെടുന്ന മടക്കസർവീസ് പുലർച്ചെ 06:40-ന് വിയറ്റ്നാമിൽ എത്തിച്ചേരും.
കേരളത്തിൽ നിന്ന് നിരവധി വിനോദസഞ്ചാരികൾ യാത്ര ചെയ്യുന്ന രാജ്യമായ വിയറ്റ്നാമിലേക്കുള്ള സർവീസ് കൊച്ചി വിമാനത്താവളത്തിന് മുതൽക്കൂട്ടാകുമെന്ന് സിയാൽ അധികൃതർ അറിയിച്ചു,