ട്രെയിൻ തീവയ്പ്; പ്രതി പിടിയിൽ, കാരണം ഭിക്ഷയെടുക്കാൻ സാധിക്കാത്തതിലെ നിരാശയെന്ന് ഐജി
Friday, June 2, 2023 6:56 PM IST
കണ്ണൂർ: കണ്ണൂരിൽ ട്രെയിന് തീവച്ചത് കസ്റ്റഡിയിലുള്ള പശ്ചിമ ബംഗാൾ സ്വദേശിയെന്ന് ഉത്തരമേഖല ഐജി നീരജ് ഗുപ്ത. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രസൂണ് ജിത്ത് സിഖ്ദറാണ് തീവച്ചതെന്നും ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്നും ഐജി മാധ്യമങ്ങളോട് പറഞ്ഞു.
ഭിക്ഷയെടുക്കാൻ സാധിക്കാത്തതിലെ നിരാശ മൂലമാണ് ഇയാൾ ട്രെയിനു തീയിട്ടത്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന സ്വഭാവമുള്ള ഇയാൾ മൂന്ന് ദിവസം മുൻപാണ് തലശേരിയിലെത്തിയത്. തീപ്പെട്ടി ഉപയോഗിച്ചാണ് തീ കത്തിച്ചത്. ഇയാൾക്ക് മറ്റു ലക്ഷ്യങ്ങളുണ്ടെന്ന് നിലവിൽ സൂചനയില്ലെന്നും ഐജി പറഞ്ഞു.
അതേസമയം തീവയ്പ്പു കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം പശ്ചിമബംഗാളിലെ കോൽക്കത്തയിലെത്തി. ഇൻസ്പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോൽക്കത്തയിലെത്തിയിരിക്കുന്നത്. കസ്റ്റഡിയിലുള്ള പ്രതിയെക്കുറിച്ച് അന്വേഷിക്കാനാണ് സംഘം കോൽക്കത്തിലെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സ്വദേശിയായ പ്രസൂൺ ജിത്ത് സിഖ്ദറെ പോലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാത്രി പതിനൊന്നോടെ കണ്ണൂരിലെത്തി യാത്ര അവസാനിപ്പിച്ച ട്രെയിൻ മൂന്നാം പ്ലാറ്റ് ഫോമിനു സമീപത്തെ എട്ടാമത്തെ യാർഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. പുലർച്ചെ ട്രെയിനിന്റെ കോച്ചിൽനിന്നു തീ ഉയരുന്നതു കണ്ട റെയിൽവേ ജീവനക്കാർ ഫയർഫോഴ്സിനെ വിവരമറിച്ചു.
ട്രെയിനിന്റെ പിൻഭാഗത്ത് മൂന്നാമത്തെ ജനറൽ കോച്ചിനാണു തീയിട്ടത്. തീ മറ്റു കോച്ചുകളിലേക്കു പടരുന്നതിനു മുന്പ് അണയ്ക്കാനായതിനാലാണു ദുരന്തം ഒഴിവായത്. ഒരു ബോഗി പൂർണമായും മറ്റൊന്ന് ഭാഗികമായും കത്തിനശിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.