കാസർഗോട്ട് തണ്ണീർത്തടത്തിൽ തീപിടിത്തം; 56 ആമകൾ ചത്തു
Sunday, June 4, 2023 10:47 PM IST
കാസർഗോഡ്: ചെറുവത്തൂരിലെ തണ്ണീർത്തടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ 56 ആമകൾ ചത്തു. പയ്യാങ്കിയിലെ അഞ്ച് ഏക്കർ വിസ്തൃതിയുള്ള തണ്ണീർത്തടത്തിലാണ് ആമകളെ ചത്തനിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ രണ്ട് ദിവസമായി ഈ പ്രദേശത്ത് തീ പടർന്നുപിടിച്ചിരുന്നു. പ്രദേശത്തെ നിരവധി മരങ്ങളും കത്തിനശിച്ചിരുന്നു. തീ ഭാഗികമായി അണഞ്ഞ ശേഷം നാട്ടുകാർ നടത്തിയ തെരച്ചിലിൽ 34 കറുത്ത ആമകളെയും 22 ഫ്ലാപ്ഷെൽ ആമകളെയും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.
വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇനം ആമകളുടെ ജഡമാണ് കണ്ടെത്തിയത്. സംഭവത്തെപ്പറ്റി അന്വേഷിക്കാൻ വന്യജീവി സംരക്ഷണ നിയമത്തിലെ ഒമ്പതാം വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.