ബൈ ബൈ; സ്വീഡിഷ് ഇതിഹാസം ഇബ്രാഹിമോവിച്ച് കളമൊഴിഞ്ഞു
Tuesday, June 6, 2023 11:36 AM IST
മിലാൻ: സ്വീഡിഷ് ഇതിഹാസം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് പ്രഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു. ഇറ്റാലിയൻ ഫുട്ബോൾ ലീഗിൽ എസി മിലാൻ-വെറോണ മത്സരശേഷമായിരുന്നു നാടകീയ വിരമിക്കൽ പ്രഖ്യാപനം. പരിക്ക് മൂലം അവസാന മത്സരത്തിൽ സൈഡ് ബെഞ്ചിലായിരുന്നു 41-കാരനായ താരം.
വിവിധ ക്ലബുകൾക്കായി 819 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം 493 ഗോളുകൾ നേടിയിട്ടുണ്ട്. 1999ൽ മാൽമോ എഫ്.എഫിലൂടെ കളി തുടങ്ങിയ ഇബ്രാഹിമോവിച്ച് 2001ൽ അജാക്സ് ആംസ്റ്റർഡാമിലെത്തി. മാഞ്ചസ്റ്റർ യുനൈറ്റഡ്, പിഎസ്ജി, യുവന്റസ്, ബാഴ്സലോണ, ഇന്റർ മിലാൻ, എസി മിലാൻ എന്നീ വമ്പൻ ക്ലബുകൾക്കായി കളത്തിലിറങ്ങി.
സ്വീഡനായി 121 മത്സരങ്ങളിൽ 62 ഗോളുകൾ നേടി അവരുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോററായ അദ്ദേഹം 2016ൽ യൂറോകപ്പിന് ശേഷം വിരമിച്ചെങ്കിലും 2021ൽ ലോകകപ്പ് യോഗ്യത റൗണ്ടിനായി തിരിച്ചെത്തിയിരുന്നു.