കൊല്ലാൻ ആളെ വിടുന്നത് സിപിഎം പാരന്പര്യമെന്ന് എം.എം. ഹസൻ
Sunday, July 2, 2023 8:09 PM IST
തിരുവനന്തപുരം: പാർട്ടി വിട്ടതിന്റെ പേരിൽ ടി.പി. ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി കൊലപ്പെടുത്തിയ സിപിഎം കെ. സുധാകരനെ കൊല്ലാൻ വാടക കൊലയാളിയെ വിട്ടതിൽ അത്ഭുതപ്പെടാനില്ലെന്ന് യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ.
ആനപ്പക കൊണ്ടുനടക്കുന്ന പ്രസ്ഥാനമാണ് സിപിഎം. ജി.ശക്തിധരന്റെ വെളിപ്പെടുത്തൽ 100 ശതമാനം സത്യമാകാനാണ് സാധ്യത. അതിനാൽ സത്യസന്ധമായ അന്വേഷണം അനിവാര്യമാണ്. അന്വേഷണം ശരിയായി മുന്നോട്ടു പോയില്ലെങ്കിൽ കോണ്‍ഗ്രസ് നിയമ നടപടി സ്വീകരിക്കും.
സിപിഎം ഉന്നതൻ കൊച്ചിയിൽ നിന്നും കൈതോലപ്പായയിൽ കോടികൾ കടത്തിയതുമായി ബന്ധപ്പെട്ട് ശക്തിധരൻ ഉന്നയിച്ച ആരോപണത്തിൽ പ്രഹസന അന്വേഷണം നടത്താനാണ് സർക്കാർ നീക്കം.
ഐജി തലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കുന്നതിനു പകരം തിരുവനന്തപുരം ഡിസിപിക്ക് ചുമതല നൽകിയത് അതിന്റെ ഭാഗമാണ്. കോഴിക്കോട് ക്വാറി മാഫിയിൽ നിന്നും രണ്ടുകോടി ആവശ്യപ്പെട്ട ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കിയ സിപിഎം കൈതോലപ്പായയിൽ കോടികൾ കടത്തിയ ഉന്നത നേതാവിനെതിരേ ഒരു നടപടിയും സ്വീകരിക്കാത്തത് ഇരട്ടത്താപ്പാണെന്നും ഹസൻ പറഞ്ഞു.