വികസനത്തിനൊപ്പം പ്രകൃതി സംരക്ഷണത്തിനും പ്രാധാന്യം നൽകണം: മന്ത്രി ആന്റണി രാജു
Friday, July 7, 2023 5:51 PM IST
തിരുവനന്തപുരം: വികസനത്തിനൊപ്പം പ്രകൃതി-വന സംരക്ഷണത്തിനും പ്രാധാന്യം നൽകേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്ത്വമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.
പ്രകൃതി സംരക്ഷണം വിഷയമാക്കി ചർച്ചകളും സെമിനാറുകളും പലയിടങ്ങളിൽ നടക്കുന്നുണ്ട്.എന്നാൽ ഇത് പ്രവൃത്തിപഥത്തിൽ എത്തിക്കുകയെന്ന ലക്ഷ്യം പ്രാപ്തമാകുന്നതായി കാണുന്നില്ല.
കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ മലിനീകരണവും ജീവന്റെ നിലനിൽപ്പിനെ ബാധിക്കുന്ന കാലഘട്ടത്തിൽ പ്രകൃതി നൽകുന്ന മുന്നറിയിപ്പുകൾ ഗൗരവമായി കാണണം. മനുഷ്യന്റെ ഓരോ പ്രവൃത്തിയുടെയും മറുവശമാണ് പ്രകൃതി ചൂണ്ടിക്കാട്ടുന്നത്.
തൈ നടുന്നതു മാത്രമല്ല അതു പരിപാലിച്ചു വളർത്തിയെടുത്തുകൊണ്ടുള്ള വൃക്ഷവത്ക്കരണമാണ് ഇതിനുള്ള പരിഹാരമെന്നും മന്ത്രി വ്യക്തമാക്കി.
മുൻതലമുറ വളർത്തിയെടുത്ത വൃക്ഷങ്ങൾ ഉൾക്കൊള്ളുന്ന പ്രകൃതിയാണ് ഇന്നത്തെ സമൂഹത്തിനുള്ളത്. വരും തലമുറയ്ക്കായി ചെയ്യേണ്ടുന്ന മഹദ് പ്രവൃത്തി ജീവനും പ്രകൃതിക്കുമായി വൃക്ഷ സംരക്ഷണം തന്നെയാണ്.
സ്കൂൾ വിദ്യാർഥികളുൾപ്പെടെ ചുറ്റുമുള്ള ഒരു മരമെങ്കിലും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത് മുന്നോട്ട് പോകണം. പ്രകൃതിയോട് ഇഴുകിച്ചേർന്നുള്ള ജീവിതമുണ്ടായാലേ നിലനിൽപ്പുള്ളു എന്ന തിരിച്ചറിവ് നേടാൻ സമൂഹം പ്രാപ്തമാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.