വിഷക്കൂൺ കഴിച്ച് മൂന്ന് പേർ മരിച്ചു
Monday, July 10, 2023 7:05 PM IST
ഷില്ലോംഗ്: മേഘാലയയിൽ വിഷക്കൂൺ കഴിച്ച് ഇൻസ്റ്റിട്യൂട്ട് ഓഫ് സയൻസ് ആൻഡ് ബയോറിസോഴ്സിലെ (ഐബിബിആർ) വനിതാ ജീവനക്കാരിയുൾപ്പെടെ മൂന്ന് പേർ മരിച്ചു.
ഐബിബിആറിലെ ശുചീകരണ തൊഴിലാളികളായ ഷേബ കർബാനി(40), റൂപർട്ട് ദോഹതോംഗ്(43), സുരക്ഷാജീവനക്കാരൻ ബാക്സ്റ്റാർ കാംഖ്രാംഗ്(30) എന്നിവരാണ് മരിച്ചത്.
ഇൻസ്റ്റിട്യൂട്ടിലെ നിർമാണത്തിലിരുന്ന കെട്ടിടത്തിലെ രണ്ട് മുറികളിൽ ഞായറാഴ്ച വൈകിട്ടാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കർബാനിയുടെ മൃതദേഹം ഒരു മുറിയിലും മറ്റ് രണ്ട് പേരെ മറ്റൊരു മുറിയിലുമാണ് കണ്ടെത്തിയത്.
മുറികളിൽ നിന്നും ദുർഗന്ധം വരുന്നത് ശ്രദ്ധയിൽപ്പെട്ട മറ്റ് ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കെട്ടിടത്തിലെ മറ്റൊരു മുറിയിൽ, ഒരു ചട്ടിയിൽ വളർത്തിയ നിലയിൽ കൂറെ വിഷക്കൂണുകളും പോലീസ് കണ്ടെത്തിയിരുന്നു.
മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും അസ്വാഭാവികമരണത്തിന് കേസ് രജിസ്റ്റർ ചെയ്തെന്നും പോലീസ് അറിയിച്ചു.