പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന് നേരെയുള്ള ആസിഡ് ആക്രമണം: പ്രതി ജീവനൊടുക്കി
Tuesday, July 25, 2023 11:36 PM IST
കാട്ടാക്കട: മാറനല്ലൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ മുഖത്ത് ആസിഡ് ഒഴിച്ച കേസിലെ പ്രതിയായ സിപിഐ നേതാവ് സജി കുമാറിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മധുരയിലെ ലോഡ്ജിലാണ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആസിഡ് ആക്രമണത്തിന് ഇരയായ സുധീർഖാന്റെ സുഹൃത്താണ് സജി കുമാർ. ഇയാൾ ഞായറാഴ്ച മുതൽ ഇയാൾ ഒളിവിലായിരുന്നു. പ്രദേശത്തെ ക്ഷീരോൽപാദക സംഘവുമായ ബന്ധപ്പെട്ട തർക്കമാണ് ആസിഡ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
മൊബൈൽ ഫോൺ ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് ഇയാൾക്കായി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. തമിഴ്നാട്ടിലെ ചിലരുമായുള്ള സൗഹൃദം ഉപയോഗിച്ച് കുമാർ അവിടെ ഒളിവിൽ താമസിക്കുന്നുണ്ടോയെന്ന് പോലീസ് അന്വേഷിച്ചിരുന്നു.
ഞായറാഴ്ച പുലർച്ചെ ആറോടെയായിരുന്നു ആസിഡ് ആക്രമണം. മാറനല്ലൂരിലെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു സുധീർ ഖാൻ. മുറിയിൽ നിന്ന് ശബ്ദം കേട്ട് ഭാര്യ എത്തുമ്പോൾ സുധീർ ഖാന്റെ ദേഹമാസകലം പൊള്ളലേറ്റ നിലയിലായിരുന്നു.
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതെന്നാണ് ആദ്യം കരുതിയത്. എന്നാൽ കാട്ടാക്കടയിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പൊള്ളലേൽക്കാൻ കാരണം ആസിഡ് ആണെന്ന് കണ്ടെത്തിയത്. തുടർന്ന് സുധീർ ഖാനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇയാൾക്ക് 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ആസിഡ് ആണെന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രാവിലെ ഇയാളുടെ സുഹൃത്തായ സിപിഐ നേതാവ് വീട്ടിലെത്തിയ വിവരം ഭാര്യ പറഞ്ഞത്.
സുധീർ ഖാൻ നിലവിളിച്ചതോടെ ഇയാൾ ഓടി രക്ഷപെട്ടെന്നും ഭാര്യ മൊഴി നൽകി. സുധീർ ഖാന്റെ വീട്ടിൽ ആസിഡ് കൊണ്ടുവന്ന കുപ്പി കണ്ടെത്തി. ഫൊറൻസിക് വിദഗ്ധരും സംഭവ സ്ഥലത്ത് പരിശോധന നടത്തി. നേർപ്പിച്ച ആസിഡാണ് ഉപയോഗിച്ചതെന്നാണ് നിഗമനം.
ആസൂത്രിതമായി നടത്തിയ ആക്രമണം എന്നാണ് പോലീസിന്റെ നിഗമനം. സുധീർ ഖാനെ ആക്രമിച്ച ശേഷം ഇയാൾ സ്വന്തം വീട്ടിലേക്ക് പോയിരുന്നില്ല. ഗുരുതരമായി പൊള്ളലേറ്റ സുധീർ ഖാൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ബേൺ ഐസിയുവിൽ ചികിത്സയിലാണ്.