കോർബറ്റ് പാർക്കിൽ കടുവ ചത്തനിലയിൽ; ജഡം കണ്ടെത്തിയത് അന്താരാഷ്ട്ര കടുവ ദിനത്തിൽ
Saturday, July 29, 2023 5:42 PM IST
ഡെറാഡൂൺ: അന്താരാഷ്ട്ര കടുവ ദിനത്തിൽ ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് ദേശീയ പാർക്കിനുള്ളിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. നാല് വയസുള്ള പെൺകടുവയുടെ ജഡമാണ് കണ്ടെത്തിയത്.
ഇന്ന് രാവിലെ ധേല മേഖലയിലെ പാലത്തിന് സമീപത്ത് നിന്നാണ് കടുവയുടെ ജഡം കണ്ടെത്തിയത്. കടുവയുടെ ജഡം കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തുകയായിരുന്നു.
മറ്റ് കടുവകളുമായുള്ള മൽപ്പിടിത്തത്തിനിടെ കടുവ ചത്തെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുവെന്നും അധികൃതർ അറിയിച്ചു.