കഞ്ചാവില്‍ നിന്നും മരുന്നുണ്ടാക്കാന്‍ കേന്ദ്രം, ഒരേക്കര്‍ സ്ഥലത്ത് ആദ്യ തോട്ടം
കഞ്ചാവില്‍ നിന്നും മരുന്നുണ്ടാക്കാന്‍ കേന്ദ്രം, ഒരേക്കര്‍ സ്ഥലത്ത് ആദ്യ തോട്ടം
Thursday, August 3, 2023 5:10 PM IST
വെബ് ഡെസ്ക്
ന്യൂഡല്‍ഹി: വിവിധ നാഡീ രോഗങ്ങള്‍, ജീവിതശൈലീ രോഗങ്ങള്‍ എന്നിവയുടെ ചികിത്സയ്ക്കായി കഞ്ചാവ് മുഖ്യഘടകമായ മരുന്ന് നിര്‍മിക്കാൻ കേന്ദ്ര സര്‍ക്കാര്‍. കനേഡിയന്‍ കമ്പനിയായ ഇന്‍ഡസ് സ്‌കാനുമായി കരാറുണ്ടാക്കിയാണ് ഗവേഷണ പദ്ധതിയായ കനബിസ് റിസര്‍ച്ച് പ്രോജക്ട് സര്‍ക്കാര്‍ നടപ്പാക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ജമ്മു കാഷ്മീരിലെ ചാത്തയില്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ഒരേക്കര്‍ സ്ഥലത്ത് കഞ്ചാവ് തോട്ടം ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ മേല്‍നോട്ടത്തിലുളള രാജ്യ‌ത്തെ ആദ്യ കഞ്ചാവ് തോട്ടമാണ് ജമ്മു കാഷ്മീരിലേത്.

സിഎസ്‌ഐആറിന്‍റെയും ജമ്മു ഐഐഎമ്മിന്‍റെയും ഒരേക്കര്‍ സംരക്ഷിത ഭൂമിയിലാണ് കനബിസ് റിസര്‍ച്ച് പ്രോജക്ട് പുരോഗമിക്കുന്നത്. ഏതാനും ദിവസം മുന്‍പ് കേന്ദ്രമന്ത്രി ജിതേന്ദര്‍ സിംഗ് തോട്ടം സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തിയിരുന്നു.

ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് പദ്ധതിയെന്നും നിര്‍ണായക ചുവടുവെപ്പാണിതെന്നും മന്ത്രി ജിതേന്ദര്‍ സിംഗ് പറഞ്ഞു. ഗവേഷണത്തിലൂടെ വികസിപ്പിക്കുന്ന മരുന്നുകള്‍ എക്‌സ്‌പോര്‍ട്ട് ക്വാളിറ്റിയുള്ളവയായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


നാഡീ രോഗങ്ങള്‍ക്കും ജീവിതശൈലീ രോഗങ്ങള്‍ക്കുമായുള്ള മരുന്നുകള്‍ക്ക് ആവശ്യമായ പല ഘടകങ്ങളും കഞ്ചാവ് ചെടിയിലുണ്ടെന്ന് ഗവേഷകര്‍ നേരത്തെ കണ്ടെത്തിയിരുന്നു. പദ്ധതിയിലൂടെ കോടികളുടെ വരുമാനവും വിദേശ കമ്പനികളില്‍ നിന്നുള്ള നിക്ഷേപവും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.

ജമ്മു കാഷ്മീരിന് പിന്നാലെ മണിപ്പുര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഔഷധ നിര്‍മ്മാണത്തിനായി കഞ്ചാവ് ഉപയോഗിക്കുന്നതിന് നയം രൂപീകരിക്കാന്‍ പദ്ധതി ആരംഭിച്ചിരിക്കുകയാണ്.

പദ്ധതിയിൽ നിന്നും മികച്ച നേട്ടം ലഭിച്ചാൽ കൂടുതൽ സംസ്ഥാനങ്ങളിൽ സർക്കാർ മേൽനോട്ടത്തിലുള്ള കഞ്ചാവ് തോട്ടങ്ങൾ ഒരുങ്ങിയേക്കും. ഇന്ത്യയില്‍ കഞ്ചാവ് കൃഷി, വില്‍പന എന്നിവയ്ക്ക് 1985ൽ നിരോധനം ഏർപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<