കേന്ദ്രമന്ത്രാലയങ്ങളിൽ തീരുമാനമെടുക്കുന്നത് ആർഎസ്എസ്: രാഹുൽ ഗാന്ധി
Sunday, August 20, 2023 4:53 AM IST
ലഡാക്ക്: കേന്ദ്രമന്ത്രാലയങ്ങളിൽ തീരുമാനമെടുക്കുന്നത് മന്ത്രിമാരല്ലെന്നും ആർഎസ്എസ് നിയോഗിച്ച ഉന്നത·ാരാണെന്നും കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലഡാക്ക് സന്ദർശനത്തിനെത്തിയ രാഹുൽ പൊതുജനങ്ങളുമായുള്ള സംവാദത്തിലാണ് ആർഎസ്എസിനുനേരെ രൂക്ഷവിമർശനം ഉയർത്തിയത്.
രാജ്യത്തെ ഓരോസ്ഥാപനത്തിലും ആർഎസ്എസ് സ്വന്തക്കാരെ പ്രതിഷ്ഠിച്ച് തങ്ങളുടെ തീരുമാനം നടപ്പാക്കുകയാണ്. കേന്ദ്രമന്ത്രിമാരൊക്കെ വെറും നോക്കുകുത്തികളാണ്. മന്ത്രാലയങ്ങളിൽ ആർഎസ്എസ് കുടിയിരുത്തിയ ചില മാന്യ·ാരുണ്ട് അവരാണ് എന്തുനടക്കണമെന്ന് തീരുമാനിക്കുന്നത്.
രാജ്യത്ത് എന്തൊക്കെയുണ്ടോ അതിന്റെയെല്ലാം നിയന്ത്രണം ആർഎസ്എസ് കൈയടക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളതെന്നും രാഹുൽ പറഞ്ഞു.
ഇന്ത്യക്ക് 1947ൽ സ്വാതന്ത്ര്യം ലഭിച്ചതാണ്. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഏകീകരണം ഭരണഘടനയാണ്. ഭരണഘടന എന്നത് ഒരുകൂട്ടം നിയമങ്ങളാണ്. അതിന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങൾക്ക് രൂപംനൽകുന്നതിലൂടെയാണ് നിങ്ങൾ ഭരണഘടനയെ പ്രാവർത്തികമാക്കുന്നത്.
എന്നാൽ ബിജെപിയും ആർഎസ്എസും സുപ്രധാനസ്ഥാപനങ്ങളുടെ താക്കോൽ സ്ഥാനങ്ങളിൽ സ്വന്തം ആളുകളെ പ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നതെന്നും രാഹുൽ വിമർശിച്ചു.