ആരോപണത്തിന് പിന്നില്‍ തുടര്‍ഭരണത്തില്‍ ഉറക്കം നഷ്ടപെട്ടവര്‍: മന്ത്രി റിയാസ്
Sunday, August 20, 2023 11:32 AM IST
കോഴിക്കോട്: ഓരോരുത്തരും ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തങ്ങളെ വെറുതേ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരേയുള്ള മാത്യു കുഴല്‍നാടന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. കുഴല്നാടന് എവിടെനിന്നോ കിട്ടുന്ന വിവരങ്ങള്‍ വെച്ച് എന്തും വിളിച്ചുപറയുന്നു. ആരോപണങ്ങള്‍ തെറ്റുമ്പോള്‍ വീണിടത്ത് കിടന്ന് ഉരുളുമെന്നും റിയാസ് പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ മകള്‍ ആയതുകൊണ്ട് മാത്രമല്ല, നിരപരാധി എന്ന് അറിയാവുന്നത് കൊണ്ടാണ് പാര്‍ട്ടി ഒപ്പം നില്‍ക്കുന്നത്. തന്റെ സത്യവാംഗ്മൂലത്തിലെ സ്വത്ത് വിവരങ്ങള്‍ സുതാര്യമാണ്. നാമനിര്‍ദേശ പത്രികയില്‍ നല്കിയ വിവരങ്ങള്‍ അന്ന് തന്നെ എല്ലാവരും കണ്ടതാണ്.
ഇടത് സര്‍ക്കാരിന്റെ തുടര്‍ഭരണത്തില്‍ ഉറക്കം നഷ്ടപെട്ടവരാണ് ആരോപണത്തിന് പിന്നില്‍. ഇവര്‍ മരുന്ന് കഴിക്കുന്നതാണ് നല്ലതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.