നെല്ല് സംഭരണത്തിന്റെ കുടിശിക 26ന് മുന്‍പ് കൊടുത്തുതീര്‍ക്കും; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം
Wednesday, August 23, 2023 3:56 PM IST
തിരുവനന്തപുരം: നെല്ല് സംഭരണത്തിന്റെ കുടിശിക ഈ മാസം 26ന് മുന്‍പ് കൊടുത്തുതീര്‍ക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ബാങ്കുകളില്‍ നിന്നു പണം ലഭിക്കുന്നില്ലെങ്കില്‍ സര്‍ക്കാര്‍ നേരിട്ട് പണം നല്‍കും.
ബാങ്കുകളുമായി ചീഫ് സെക്രട്ടറി വി. വേണു ഒരിക്കല്‍ കൂടി ചര്‍ച്ച നടത്തും. കുടിശിക പൂര്‍ണമായും തീര്‍ക്കാന്‍ 150 കോടിയോളം രൂപയാണ് വേണ്ടത്. കഴിഞ്ഞദിവസം 72 കോടിയോളം വിതരണം ചെയ്തു.
സംസ്ഥാനത്തെ ധനപ്രതിസന്ധി സംബന്ധിച്ച് നടന്ന ചര്‍ച്ചയിലാണ് നെല്ല് സംഭരണത്തിന്റെ കുടിശിക വിഷയം ഉയര്‍ന്നുവന്നത്. വിഷയത്തില്‍ സ്റ്റേറ്റ് ബാങ്ക് അടക്കമുള്ള ബാങ്കുകളുടെ ഭാഗത്ത് നിന്ന് ഗുരുതരമായ അലംഭാവമുണ്ട് എന്ന വിമര്‍ശനവും മന്ത്രിസഭാ യോഗത്തില്‍ ഉയര്‍ന്നിരുന്നു.
യോഗത്തിൽ, പണം ലഭിക്കാത്തതിനാല്‍ വകുപ്പുകളുടെ പ്രവര്‍ത്തനം നടക്കുന്നില്ലെന്ന പരാതി ഉയർന്നു. സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമ്പത്തിക പ്രശ്നമുണ്ടെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാലും ആവര്‍ത്തിച്ചു.