തൃശ്യൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന കമ്മറ്റി അംഗം എ.സി മൊയ്തീന്‍ എംഎല്‍എ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് (ഇഡി) മുന്‍പില്‍ ഹാജരായി. അഭിഭാഷകര്‍ക്കൊപ്പമാണ് അദ്ദേഹം എത്തിയത്. അധികൃതര്‍ വിളിച്ചതുകൊണ്ടാണ് വന്നതെന്ന് എ.സി മൊയ്തീന്‍ പറഞ്ഞു.

പത്ത് വര്‍ഷത്തെ നികുതി രേഖകളും ബാങ്ക് ഇടപാട് രേഖകളും ഹാജരാക്കണമെന്ന് എ.സി മൊയ്തീന് ഇഡിയുടെ നിര്‍ദ്ദേശമുണ്ട്. വ്യാജ രേഖകള്‍ തയാറാക്കി കരുവന്നൂര്‍ ബാങ്കില്‍ നിന്നും ബെനാമികള്‍ ലോണ്‍ നേടിയത് എ.സി മൊയ്തീന്‍റെ ശുപാര്‍ശയ്ക്ക് പിന്നാലെയാണെന്ന് ഇഡി അധികൃതര്‍ ചൂണ്ടിക്കാട്ടി.

മാത്രമല്ല ബെനാമി ലോണ്‍ തട്ടിപ്പിന്‍റെ മുഖ്യ ആസൂത്രകനായ സതീഷ് കുമാറുമായി മൊയ്തീന് അടുത്ത ബന്ധമാണുള്ളതെന്നും ഇഡി അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന മുന്‍ മാനേജര്‍ ബിജു കരീമിന്‍റെ ബന്ധു കൂടിയാണ് എ.സി മൊയ്തീന്‍.

മുന്‍പ് രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടീസ് നല്‍കിയെങ്കിലും അസൗകര്യമുണ്ടെന്ന് കാട്ടി മൊയ്തീന്‍ ഒഴിവാകുകയായിരുന്നു. ഇഡിക്ക് മുന്‍പില്‍ ഇനിയും ഹാജരായില്ലെങ്കില്‍ ഒളിച്ചോടിയെന്നാകും പറയുകയെന്ന് അദ്ദേഹം ഞായറാഴ്ച പറഞ്ഞിരുന്നു. ഇന്ന് നിയമസഭാ സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കില്ല.

വടക്കാഞ്ചേരി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അരവിന്ദാക്ഷന്‍, സിപിഎം കൗണ്‍സിലര്‍ അനൂപ് ഡേവിസ് എന്നിവരും ഇന്ന് ഇഡി ഉദ്യോഗസ്ഥര്‍ മുന്‍പാകെ ഹാജരാകും. മുന്‍ എംപി പി.കെ. ബിജു കരുവന്നൂര്‍ കേസില്‍ എ.സി. മൊയ്തീനൊപ്പം പങ്കാളിയാണെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര ശനിയാഴ്ച ആരോപിച്ചിരുന്നു. പ്രതികളിലൊരാളായ സതീശന്‍ ബിജുവിന്‍റെ മെന്‍ററാണെന്നും അക്കര പറഞ്ഞു.