ഔറംഗാബാദിന്റെ പേരുമാറ്റി മഹാരാഷ്ട്ര സർക്കാർ; ഇനി ഛത്രപതി സംഭാജി നഗർ
Sunday, September 17, 2023 3:18 PM IST
മുംബൈ: ഔറംഗാബാദ് അടക്കം രണ്ടു ജില്ലകളുടെ പേരുമാറ്റി മഹാരാഷ്ട്ര സർക്കാർ. ഛത്രപതി സംഭാജി നഗർ എന്നാണ് ഔറംഗാബാദിന്റെ പുതിയ പേര്.
മറ്റൊരു ജില്ലയായ ഉസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നായാണ് മാറ്റിയിരിക്കുന്നത്. ഇവ രണ്ടും മറാത്ത മേഖലയിലുള്ള ജില്ലകളാണ്.
ഇതുസംബന്ധിച്ച വിജ്ഞാപനം റവന്യൂ വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കി. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പേരുമാറ്റം സംബന്ധിച്ച് ഉത്തരവിറക്കാൻ നിർദേശിച്ചത്.
മുൻപ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിൽ ഈ രണ്ടു ജില്ലകളുടെയും പേരുമാറ്റാനായി തീരുമാനമെടുത്തിരുന്നു.
പിന്നീടെത്തിയ ഷിൻഡെ സർക്കാരും ഇത് തിരുത്താൻ തയാറായില്ല. എന്നാൽ തീരുമാനത്തെ എതിർത്ത് ഹൈക്കോടതിയിൽ ഹർജി വന്നതോടെ തീരുമാനം നീളുകയായിരുന്നു. അടുത്തിടെ ഹർജി കോടതി തള്ളിയതോടെയാണ് പേരുമാറ്റ നടപടികൾ വീണ്ടും തുടങ്ങിയത്.
മറാത്ത സാമ്രാജ്യത്തിലെ രണ്ടാമത്തെ ഛത്രപതിയായ സംഭാജി ഛത്രപതി ശിവാജിയുടെ മകനാണ്.1681 മുതൽ 1689 വരെയായിരുന്നു സംഭാജിയുടെ ഭരണകാലഘട്ടം.
സംഭാജിയുടെ കാലത്താണ് മുഗൾ രാജവംശവുമായുള്ള മറാത്തകളുടെ പോരാട്ടം ശക്തമായത്. 1687ലെ പോരാട്ടത്തില് മുഗളന്മാര് മറാത്ത രാജവംശത്തിനുമേൽ വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. 1689ൽ ഒറ്റു കൊടുക്കപ്പെട്ട സംഭാജി മുഗളന്മാരുടെ പിടിയിലായി.
മുഗൾ രാജാവായിരുന്ന ഔറംഗസേബ് അദ്ദേഹത്തോട് മതംമാറാൻ ആവശ്യപ്പെട്ടെന്നും സമ്മതിക്കാഞ്ഞതിനെത്തുടർന്ന് അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നും ഒരു വിഭാഗം ചരിത്രകാരന്മാർ പറയുന്നു.
ഔറംഗസേബാണ് നഗരത്തിന് ഔറംഗാബാദ് എന്ന പേര് നൽകിയത്. ഔറംഗാബാദിന് സംഭാജിയുടെ പേരു നൽകണമെന്നത് ശിവസേനയുടെ വളരെക്കാലത്തെ ആവശ്യമായിരുന്നു.