കരുവന്നൂർ തട്ടിപ്പ്; രക്ഷാ പാക്കേജിന്റെ അടുത്ത ഘട്ടം ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി വാസവൻ
Saturday, September 30, 2023 12:52 PM IST
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള രക്ഷാ പാക്കേജിന്റെ രണ്ടാം ഘട്ടം അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ.
സഹകരണ പുനരുദ്ധാരണ നിധിയിൽ നിന്ന് പണം സമാഹരിച്ച് കരുവന്നൂർ ബാങ്കിൽ എത്തിക്കാൻ ശ്രമം നടക്കുകയാണെന്ന് വാസവൻ പറഞ്ഞു.
സഹകരണ പുനരുദ്ധാരണ നിധിക്ക് ആർബിഐയുടെ നിയന്ത്രണമില്ലെന്നും മന്ത്രി അറിയിച്ചു. കരുവന്നൂർ പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാർ പ്രഖ്യാപിച്ച ആദ്യ പാക്കേജ് ഉപയോഗിച്ച് 73 കോടിയോളം രൂപ നിക്ഷേപകർക്ക് മടക്കിനൽകി.110 കോടി രൂപയുടെ നിക്ഷേപം പുനക്രമീകരിച്ചു.
വിവിധ സംഘങ്ങളിൽ നിന്നുള്ള നിക്ഷേപം, ക്ഷേമ ബോർഡ് ഫണ്ട് എന്നിവ ഉപയോഗിച്ച് കരുവന്നൂരിലെ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.