ഹമാസിന്റെ ഡ്രോണ്‍ ആക്രമണം ഇസ്രയേലിനേൽപ്പിച്ചത് വൻ സാന്പത്തികാഘാതം
Thursday, October 12, 2023 7:21 AM IST
ന്യൂഡല്‍ഹി: ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലിനുണ്ടായത് കനത്ത നാശനഷ്ടമെന്ന് സൈനിക വിദഗ്ധര്‍.
മോട്ടോര്‍ ഗ്ലൈഡറുകളിലൂടെ സായുധധാരികളായ നിരവധി ഹമാസ് ഭീകരരാണ് ഇസ്രയേലിന്റെ മണ്ണില്‍ പറന്നിറങ്ങിയത്. ഇതോടൊപ്പം ആയുധങ്ങള്‍ നിറച്ച ചെറിയ ഡ്രോണുകളും ഹമാസ് ഇസ്രയേലിലേക്ക് അയച്ചിരുന്നു. ഇസ്രേലി പ്രതിരോധ സേനയുടെ കണക്കുകൂട്ടല്‍ അപ്പാടെ തെറ്റിക്കുന്നതായിരുന്നു ഇതൊക്കെ.
ബോംബ് വര്‍ഷിക്കാന്‍ പാകത്തിലുള്ള,നാലു പ്രൊപ്പല്ലറുകളുള്ള ഡ്രോണുകളാണ് അവര്‍ ഇസ്രയേലിലേക്ക് അയച്ചത്. ലോകത്തെ വിവിധ ഗ്രൂപ്പുകള്‍ക്ക് മേലില്‍ പയറ്റാന്‍ ഒരു തന്ത്രം വഴി തുറന്നതിന്റെ ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
ആയുധങ്ങള്‍ വഹിക്കാവുന്ന ഇത്തരത്തിലുള്ള വ്യാവസായിക ഡ്രോണുകള്‍ പല ഇലക്ട്രോണിക് കടകളിലും ലഭ്യമാണെന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കുന്നു. യുക്രെയ്ന് യുദ്ധത്തിലാണ് ഇത്തരത്തിലുള്ള ഡ്രോണിന്റെ യുദ്ധോപയോഗം ആദ്യമായി കണ്ടത്.
ഗ്രനേഡുകളടക്കമുള്ള ആയുധങ്ങള്‍ റഷ്യന്‍ സൈന്യത്തിന്റെ മേല്‍ വര്‍ഷിക്കാന്‍ യുക്രെയ്ന് സൈന്യത്തെ സഹായിച്ചത് ഇത്തരം ഡ്രോണുകളാണ്.
ഹമാസിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഇസ്രയേലിന് ഉണ്ടായതെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്തു വന്നു.
3.5 ദശലക്ഷം ഡോളര്‍ വിലവരുന്ന മെര്‍കാവ മാര്‍ക്ക് നാല് ടാങ്ക് മോര്‍ട്ടാര്‍ ബോംബ് ഉപയോഗിച്ച് തകര്‍ക്കുന്നതിന്റെ അടക്കം ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.