ജാതി സെന്‍സസിനെ ബിജെപി ഭയക്കുന്നു: തേജസ്വി യാദവ്
ജാതി സെന്‍സസിനെ ബിജെപി ഭയക്കുന്നു: തേജസ്വി യാദവ്
Thursday, October 12, 2023 4:42 PM IST
വെബ് ഡെസ്ക്
കോഴിക്കോട്: ജാതി സെന്‍സസിനെ ബിജെപി ഭയക്കുന്നുവെന്നും ഫാസിസ്റ്റ് ശക്തികള്‍ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ആര്‍ജെഡി നേതാവും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്.

ഫാസിസ്റ്റ് ശക്തികളേയും ബിജെപിയേയും ഒരുമിച്ച് നേരിടുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടക്കുന്ന എല്‍ജെഡി-ആര്‍ജെഡി ലയന സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ എല്‍ഡിഎഫിനൊപ്പമാണെന്നും തേജസ്വി യാദവ് വ്യക്തമാക്കി.

"ഒരേ മനസുള്ള പാര്‍ട്ടികളുമായി ചേരാന്‍ ആലോചിച്ചിരുന്നു. കേരളത്തില്‍ വീണ്ടും വരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്'. ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി ശക്തിപ്പെടുത്തുന്നതില്‍ സോഷ്യലിസ്റ്റ് സന്ദേശം പ്രചരിപ്പിക്കുമെന്നും എല്‍ജെഡി താത്പര്യമറിയിച്ചപ്പോള്‍ സന്തോഷമായെന്നും അദ്ദേഹം വ്യക്തമാക്കി.


"ജാതി സെന്‍സസ് നടത്തണമെന്ന് പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജാതി സെന്‍സസ് നടക്കണം. ജനങ്ങളുടെ സാമൂഹ്യാവസ്ഥ മനസിലാക്കാന്‍ ജാതി സെന്‍സസ് സഹായിക്കും. എന്നാല്‍ രാജ്യത്ത് സെന്‍സസ് തന്നെ കൃത്യമായി നടക്കുന്നില്ല.

ബിജെപി ജാതി സെന്‍സസിനെ ഭയക്കുന്നുണ്ട്. ഇത് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പറയുന്നതല്ല'. രാജ്യത്തെ ജനങ്ങളുടെ വിദ്യാഭ്യാസ-സാമ്പത്തിക അവസ്ഥ ഏത് നിലയിലാണെന്ന് പരിശോധിക്കണമെന്നും തേജസ്വി യാദവ് ആവശ്യപ്പെട്ടു.

രാഷ്ട്രീയ പാര്‍ട്ടികളോ മാധ്യമങ്ങളോ ആരുമായിക്കൊള്ളട്ടെ സത്യം പറയുന്നവരേയും ചോദ്യം ചോദിക്കുന്നവരേയും കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെക്കുകയാണ്. ഇവര്‍ എല്ലാവരേയും കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നു. ഇപ്പോള്‍ മണിപ്പുരില്‍ എന്താണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി അന്വേഷിക്കാന്‍ തയാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<